ചേർത്തല: ഡീസൽക്ഷാമത്തെ തുടർന്ന് ചേർത്തലയിൽ കെഎസ്ആർടിസി സർവീസുകളുടെ താളം തെറ്റി. ദിനംപ്രതി 8000 മുതൽ 10000 വരെ ലിറ്റർ ഡീസൽ ആവശ്യമുള്ള ചേർത്തല ഡിപ്പോയിൽ 1984 ലിറ്റർ മാത്രമാണ് ഇന്നലെ അവശേഷിച്ചത്. രണ്ട് പന്പുകളിലായി 35000 ലിറ്റർ ശേഖരിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത് . ചേർത്തല ഡിപ്പോയിൽ നിന്ന് മാത്രം 88 കഐസ്ആർടിസി ഷെഡ്യൂളും ഏഴ് കെയുആർടിസി ഷെഡ്യൂളും ദിനം പ്രതി ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
ഡീസൽ ക്ഷാമത്തെ തുടർന്ന് 10 ഓളം ഷെഡ്യൂളുകൾ ഇന്നലെ കാൻസൽ ചെയ്തു. എറണാകുളം ജില്ലയിലും ഡീസൽ ക്ഷാമം രൂക്ഷമായത് യാത്രക്കാരെ ബാധിച്ചു. ബസുകൾ കുറവായതിനാൽ യാത്രാക്ലേശം രൂക്ഷമായി. ചാലക്കുടി, പുതുക്കാട്, അങ്കമാലി, ആലുവ, ആലപ്പുഴ, കായംകുളം, ഹരിപ്പാട് ഡിപ്പോകളിൽ ഡീസൽ പൂർണമായി തീർന്നതോടെ സർവീസുകൾ പലതും മുടങ്ങി.
ഇന്നലെ രാത്രി ഒന്പതോടെ ചേർത്തല ഡിപ്പോയിൽ ഡീസൽ എത്തിയതിനെ തുടർന്ന് ഇതിന്റെ ക്രമീകരണങ്ങൾക്കായി ഇന്നലെ രാത്രി ആളെ നിയോഗിച്ചു. ബോർഡിന്റെ സാന്പത്തിക പ്രതിസന്ധിയാണ് ഡീസൽ ക്ഷാമത്തിന് കാരണമെന്നാണ് പറയുന്നത്.