ഏതാനും ദിവസം മുമ്പ് ചെറുതോണി ടൗണ്‍, ഇന്ന് കുതിച്ചൊഴുകുന്ന ചെറുതോണി പുഴ! ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ തിരിച്ചറിയാനാവാത്ത വിധം രൂപംമാറി ഒരു പ്രദേശം

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ചാം ഷട്ടറും ഉയര്‍ത്തിയതോടെ ചെറുതോണി പുഴയിലൂടെ വെള്ളം കുത്തിയൊഴുകുന്നു. ചെറുതോണി പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. തീരവാസികള്‍ അതിജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചെറുതോണി ടൗണിലെ ബസ് സ്റ്റാന്‍ഡ് വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.

പനകളടക്കമുള്ള മരങ്ങളും ഒലിച്ചുപൊകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണാനാവുന്നത്. ഇരുകരകളും തമ്മിലുള്ള ബന്ധം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇടുക്കിയില്‍ പെരിയാറിന്റെ നൂറുമീറ്റര്‍ പരിധിയിലുള്ളവര്‍ ഒഴിഞ്ഞുപോവണമെന്നും അറിയിപ്പുണ്ട്.

ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ ചെറുതോണിയുടെ രൂപം തന്നെ മാറിയിരിക്കുകയാണ്. കാലവര്‍ഷത്തിനും ഡാം തുറക്കലിനും മുമ്പ് തിരക്കേറിയ ഒരു ടൗണായിരുന്ന ചെറുതോണി ഇന്ന് കണ്ടാല്‍ തിരിച്ചറിയാനാവാത്ത സ്ഥിതിയിലാണുള്ളത്. ചെറുതോണിയുടെ ഏറ്റവും പുതിയ ചിത്രം കണ്ടാല്‍ ഇതിനുമുമ്പ് ഇതൊരു ടൗണായിരുന്നു എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

പുഴയുടെ തീരത്തുള്ള നിരവധി കടകള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. പട്ടണത്തിലൂടെ വെള്ളം കുതിച്ചൊഴുകുകയാണ്. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമുള്ള ജലമാണ് ചെറുതോണി വഴി ഒഴുകികൊണ്ടിരിക്കുന്നത്. സമീപ പ്രദേശങ്ങളിലെല്ലാം മണ്ണിടിച്ചിലും സംഭവിക്കുന്നുണ്ട്.

 

Related posts