ചിറ്റൂർ: ശക്തമായ മഴയിൽ മൂലത്തറ അണക്കെട്ടിന്റെ അരിക് ബണ്ട് തകർന്നു. വ്യാപകമായ നാശനഷ്ടം. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ബണ്ട് തകർന്നത്. വലതുഭാഗത്തെ ബണ്ട് വെള്ളപ്പാച്ചിലിൽ തകർന്നു. വെള്ളം തടയാനായി സ്ഥാപിച്ച മണ് തടയണയും ഒഴുകിപോയി. പന്ത്രണ്ടുവർഷംമുന്പ് തകർന്ന ബണ്ട് പുനർനിർമിച്ചതാണ് വ്യാപകമായി തകർന്നത്. ഇനി ബണ്ട് പുനർനിർമിച്ചാലേ വലതുകനാലിലൂടെ വെള്ളം ഇറക്കാൻ കഴിയൂ.
ഇന്നലെ ആളിയാറിൽ നിന്ന് ചിറ്റൂർ പുഴയിലേക്ക് 500 ഘനയടിവീതം വെള്ളം ഇറക്കിയിരുന്നു. എന്നാൽ മഴവെള്ളം കുത്തിയൊഴുകിയതോടെയാണ് ബണ്ട് തകരാനിടയായത്. മേനോൻപാറ വില്ലേജ് ഓഫീസിനു സമീപം നാലുസെന്റ് കോളനിയിലെ വീടുകളിലേക്ക് വെള്ളംകയറിയത് ഭീതിപരത്തി. വീടുകളിലുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.
മരുതന്പാറ ആണ്ടയിലക്കളത്തിൽ വേലൻകുളന്പിൽ സുബ്രഹ്്മണ്യന്റെ വീട്ടുകിണർ ഇടിഞ്ഞുതാണു. ചിറ്റൂർപുഴയിലേക്ക് ആളിയാർ വെള്ളം ഇറക്കിയതിനാൽ മൂത്തറ, ആലാംകടവ്, പാറക്കളം, നിലംപതിപാലം മുങ്ങിയതിനാൽ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി.
മലവെള്ളപ്പാച്ചിൽകാണാൻ ജനങ്ങളുടെ തിരക്കും ഇന്നലെ ശക്തമായിരുന്നു.പെരുവെന്പ്-കനാൽപ്പാലം റോഡിൽ വയലുകലിൽ നിന്നും ഒഴുകിയെത്തിയ വെള്ളം വാഹനഗതാഗതത്തിന് തടസമായി. കാൽനടയാത്രയും മണിക്കൂറുകളോളം നിരോധിച്ചു. താലൂക്ക് ഓഫീസ് അധികൃതർ, ഫയർഫോഴ്സ് എന്നിവർ ജാഗ്രതയിലാണ്.നു