തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്നും പുറത്തുപോയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. വ്യവസായ വകുപ്പ് ജയരാജന് നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധാരണയായി. ചൊവ്വാഴ്ച ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്.
നിലവിൽ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി. മൊയ്തീന് തദ്ദേശ സ്വയം ഭരണം നൽകും. കെ.ടി. ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ ക്ഷേമവകുപ്പും നൽകാനും സെക്രട്ടേറിയേറ്റിൽ ധാരണയായി.
ജയരാജനെ മന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം വൈകുന്നേരം മൂന്നിനു ചേരുന്ന സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്യും. കാര്യമായ ചർച്ചയൊന്നും കൂടാതെ തന്നെ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കാനാണു സാധ്യത.
ഫോണ്‍കെണി കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതിൽ പാർട്ടിയിൽ തന്നെ വിമർശനങ്ങളുണ്ടായിരുന്നു. ജയരാജൻ പ്രതിയായ ബന്ധുനിയമന കേസിൽ അദ്ദേഹത്തിന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയ സാഹചര്യത്തിലാണ് വീണ്ടും മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത്.
2016 ഒക്ടോബർ 14നാണ് ബന്ധുനിയമന വിവാദത്തെ തുടർന്ന് ജയരാജൻ പിണറായി മന്ത്രിസഭയിൽനിന്നു രാജിവയ്ക്കുന്നത്.