ആരൊക്കെ അനുകൂലം, ആരൊക്കെ പ്രതികൂലം! നരേന്ദ്രമോദിയെയും അമിത്ഷായെയും കുറിച്ച് മാധ്യമങ്ങള്‍ എന്ത് റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചത് 200 അംഗ സംഘത്തെ; ഇവരുടെ ചുമതലകള്‍ ഇവയൊക്കെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും കുറിച്ച് മാധ്യമങ്ങള്‍ എന്ത് റിപ്പോര്‍ട്ടു ചെയ്യുന്നുവെന്ന് പരിശോധിക്കാനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് 200 അംഗ സംഘത്തെയെന്ന റിപ്പോര്‍ട്ട് പുറത്ത്. ഡല്‍ഹിയിലെ സി.ബി.ഐ ഹെഡ്ക്വാട്ടേഴ്സിന് വലതുവശത്തായുള്ള സൂചന ഭവന്റെ പത്താം നിലയിലാണ് 200 അംഗ സംഘം 24 മണിക്കൂറും മാധ്യമങ്ങളെ നിരീക്ഷിക്കുന്നതെന്ന് ദ വയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഏതൊക്കെ ചാനലുകളാണ് മോദിയേയും അമിത് ഷായേയും കുറിച്ച് പരിപാടികള്‍ ചെയ്യുന്നത്, അത് ഏത് തരത്തിലുള്ളതൊക്കെയാണ് എത്രദൈര്‍ഘ്യമുള്ളവയാണ് എന്നതു സംബന്ധിച്ച് ദിനംപ്രതി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയെന്നതാണ് ഇവരുടെ പ്രധാന ചുമതല.

ആറുമാസത്തെ കരാര്‍ വ്യവസ്ഥയിലേക്കാണ് ഈ സംഘത്തിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്നത്. പത്തു പതിനഞ്ചുപേരെ സ്ഥിര ശമ്പളവര്‍ധനവോടുകൂടി സ്ഥിരം തൊഴിലാളികളായി നിയമിക്കാനുള്ള നീക്കവും ഇപ്പോള്‍ നടക്കുന്നുണ്ട്.

വാര്‍ത്താ ചാനലുകളെ ട്രാക്ക് ചെയ്യുകയെന്നതാണ് ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. അവരെന്താണ് കാണിക്കുന്നത്, പറയുന്നത്, എന്ത് വിഷയമാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്, ആ ചര്‍ച്ചകളില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നത്, അവര്‍ എന്തൊക്കെ പറയുന്നു, ആരുടെ വാക്കുകളാണ് അനുകൂലമായത്, ആരുടേതാണ് അല്ലാത്തത് എന്നതെല്ലാം പരിശോധനാ വിധേയമാക്കും. ചാനല്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പോളിസിയെക്കുറിച്ചുള്ളതാണെങ്കില്‍ അക്കാര്യം പ്രത്യേകം പരാമര്‍ശിക്കും. ഓരോ സെക്കന്റും രേഖപ്പെടുത്തപ്പെടും.

പിന്നീട് ഏതൊക്കെ മാധ്യമപ്രവര്‍ത്തകരുടെ പരിപാടിയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് സംഘം ലിസ്റ്റു ചെയ്യും. സര്‍ക്കാറിനോടുള്ള ചായ്വ് എത്രത്തോളമുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ടി.വി ചാനലുകളെ തരംതിരിച്ചിട്ടുണ്ട്. സര്‍ക്കാറിനെ അങ്ങേയറ്റം പുകഴ്ത്തുന്ന ചാനലുകളെ ‘റിലയബിള്‍’ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.

മോദിയുടെ മുഖം കാണിക്കാന്‍ അല്പം പിശുക്കു കാണിക്കുന്ന ചാനലുകളെ മധ്യവര്‍ഗനിരയില്‍ പെടുത്തിയിട്ടുണ്ട്. ഈ ചാനലുകളുമായി മോണിറ്ററിങ് സംഘം ബന്ധപ്പെടുകയും സൗഹൃദ സംഭാഷണത്തില്‍ മോദിയുടെ മുഖം സ്ത്രീനില്‍ കൂടുതല്‍ തവണ കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. വേണ്ടതു പോലെ ചെയ്യുന്നവരെ വേണ്ടതുപോലെ കാണുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

Related posts