കൊല്ലം :സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളികളും ക്ഷേമനിധി അംഗത്വം ഉറപ്പാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ .മത്സ്യത്തൊഴിലാളികളുടെയും മത്സ്യ അനുബന്ധ തൊഴിലാളികളുടെയും മക്കള്‍ക്കായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ-കായിക പ്രോത്സാഹന പുരസ്കാര വിതരണം കൊല്ലം വിമലഹൃദയ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഒരാള്‍ ക്ഷേമനിധി അംഗമായാല്‍ കുടുംബത്തിന് മുഴുവന്‍ ഇതിന്റെ ആനുകൂല്യം ലഭിക്കും. അപകടങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ക്ഷേമനിധി അംഗത്വത്തിന്റെ പ്രയോജനം മനസിലാകുക. അനര്‍ഹര്‍ അംഗത്വം നേടുന്നത് നിയന്ത്രിക്കുന്നതിന് പ്രതേ്യക സംവിധാനം ഏര്‍പ്പെടുത്തും. അപേക്ഷ സമര്‍പ്പിക്കുന്നവരുടെ വീടുകളില്‍ പോയി സര്‍വ്വേ നടത്തി വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബോര്‍ഡിന് സാധിച്ചാല്‍ ആക്ഷേപങ്ങള്‍ പരിഹരിക്കാനാകും.
കുറ്റമറ്റ രീതിയില്‍ ക്ഷേമനിധി പ്രവര്‍ത്തിക്കുവെന്ന് ഉറപ്പുവരുത്താന്‍ കാലാനുസൃതമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ-കായിക പ്രോത്സാഹന പുരസ്കാരങ്ങള്‍ നല്‍കുന്നതിന് 47 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ളത്.
ഇതില്‍ 14.75 ലക്ഷം രൂപ കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് വിതരണം ചെയ്യുന്നത്. പഠിക്കാന്‍ സൗകര്യവും സഹായവും ഒരുക്കിയാല്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ സാധിക്കുമെന്ന് ഈ കുട്ടികള്‍ ഇതിനോടകം തെളിയിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
എം. നൗഷാദ് എംഎൽ എ അധ്യക്ഷനായി. മത്സ്യ ബോര്‍ഡ് ചെയര്മാന് സി.പി. കുഞ്ഞിരാമന്, മത്സ്യ ബോര്‍ഡ് കമ്മീഷണര്‍ സി.ആര്. സത്യവതി, മേഖല എക്സിക്യൂട്ടീവ് കെ.ബി. അനില്‍കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലീം, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് വില്‍മ മേരി തുടങ്ങിയവര്‍ പങ്കെടുത്തു.