കൊച്ചി: കനത്ത മഴയെത്തുടർന്ന് ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയർത്തിയ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രത്യേകിച്ച് ആലുവ മേഖലയിൽ കനത്ത ജാഗ്രതയും തയാറെടുപ്പുകളും. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സന്നാഹങ്ങൾ മേഖലയിൽ ഒരുക്കിയിട്ടുണ്ട്.
ഇടുക്കി ഡാമിന്റെ ഷട്ടറുകൾ മുന്പും തുറന്നിട്ടുണ്ടെങ്കിലും അഞ്ചു ഷട്ടറുകൾ തുറക്കുന്നത് ആദ്യമായിട്ടാണ്. എറണാകുളം ജില്ലയിൽ വ്യാഴാഴ്ച 38 ദുരിത്വാശ്വാസ ക്യാന്പുകൾ ആയിരുന്നത് ഇന്ന് 68 എണ്ണമാക്കി വർധിപ്പിച്ചു. എണ്ണായിരത്തോളം ആളുകൾ ജില്ലയിൽ വിവിധ ക്യാന്പുകളിലേക്കു മാറിയിട്ടുണ്ടെന്നാണ് കണക്ക്.
പെരുന്പാവൂർ മുതലുള്ള പ്രദേശങ്ങളിൽ പെരിയാർ തീരത്തുനിന്ന് 5,000 കുടുംബങ്ങളെ അടിയന്തര സാഹചര്യം വന്നാൽ മാറ്റിപാർപ്പിക്കും.
പെരിയാറിലൂടെയെത്തുന്ന ജലം തീരങ്ങളിൽ പ്രശ്നമുണ്ടാക്കുമോയെന്ന ആകാംക്ഷയിലാണ് ഭരണകൂടം. എറണാകുളത്ത് ഇന്നു പൊതുവേ മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ വലിയ പ്രശ്നം സൃഷ്ടിക്കാതെ വെള്ളം പെരിയാറ്റിലൂടെ കടന്നുപോയേക്കാമെന്ന പ്രതീക്ഷയാണ് അധികാരികൾക്ക് ഉള്ളത്.
എന്നാൽ, തീരത്തുനിന്നു വിട്ടുനിൽക്കണമെന്നു ജനങ്ങൾക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുപോലെ ആലുവയിലും പെരുന്പാവൂരിലെ ചേലാമറ്റത്തും ഇന്നു രാത്രി മുതൽ ബലിതർപ്പണം നടക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ജാഗ്രത പാലിക്കുന്നത്.
ബലിതർപ്പണത്തിന് സന്ധ്യമുതൽ ആളുകൾ എത്തിത്തുടങ്ങും. പതിവായി ബലിതർപ്പണം നടക്കുന്ന ആലുവമണപ്പുറം മുങ്ങിയിരിക്കുന്നതിനാൽ സമീപത്തെ റോഡിൽ സൗകര്യമൊരുക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. നദിയിൽ കനത്ത ഒഴുക്കുള്ളതിനാൽ ജനങ്ങൾ വെള്ളത്തിൽ ഇറങ്ങരുതെന്നു കർശന നിർദേശമുണ്ട്.
ദുരന്തനിവാരണ സേനവും കോസ്റ്റ്ഗാർഡും ഏതു സാഹചര്യത്തെയും നേരിടാൻ സന്നദ്ധരായി രംഗത്തുണ്ട്. ദുരന്തനിവാരണ സേനയുടെ 37 അംഗ സംഘം കഴിഞ്ഞ ദിവസം തന്നെ ജില്ലയിൽ എത്തിയിരുന്നു. മൂന്നു ബോട്ട്, 20 ലൈഫ് ബോട്ട്, 40 ലൈഫ് ജാക്കറ്റ്, സ്കൂബ ടീം, മെഡിക്കൽ ടീം എന്നിങ്ങനെയുള്ള സംവിധാനങ്ങളും കരുതിയിട്ടുണ്ട്.