തലശേരി: അമ്മമ്മയുടെ അമ്പതുരൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്ത് വയസുകാരനെ ചട്ടുകം പഴുപ്പിച്ച് ദേഹമാസകലം പൊള്ളൽ ഏല്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യ ഹർജി സമര്‍പ്പിച്ച അമ്മയോട് കോടതി മുമ്പാകെ ഹാജരാകാന്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.ഇന്ദിര നിര്‍ദ്ദേശിച്ചു.
മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ ഇന്നലെ നടന്ന വാദങ്ങള്‍ക്കൊടുവിലാണ് അസാധാരണമായ രീതിയില്‍ മുന്‍കൂര്‍ ജാമ്യ ഹർജി നല്കിയ പ്രതി പെരിങ്ങോം പോലീസ് സ്റ്റേഷനതിര്‍ത്തിയിലെ മാതമംഗലം പുത്തൂര്‍ കുഴിക്കാട്ട് രാജന്റെ ഭാര്യ രേണുകയോട് കോടതിക്കു മുമ്പാകെ ഹാജരാകാന്‍ കോടതി ഉത്തരവിട്ടിട്ടുള്ളത്.
അമ്മയെക്കുറിച്ച് കുട്ടിക്ക് പരാതിയില്ലെന്നും ഭര്‍തൃമാതാവിന് പ്രതിയോടുള്ള വിരോധം വെച്ച് കെട്ടിച്ചമച്ച കേസാണിതെന്നും ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന കുട്ടിയെ മാതാവ് സന്ദര്‍ശിക്കാറുണ്ടെന്നും പ്രതിക്കു വേണ്ടി ഹാജരായ അഡ്വ.വിനോദ്കുമാര്‍ കോടതിയില്‍ പറഞ്ഞു.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും പത്ത് വയസുകാരനായ മകനെ ക്രൂരമായി പൊള്ളലേല്‍പ്പിച്ച പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡിസ്ട്രിക് ഗവ.പ്ലീഡര്‍ ബി.പി. ശശീന്ദ്രന് കോടതിയില്‍ പറഞ്ഞു.
അമ്മയും മകനും തമ്മില്‍ ഏറെ സ്നേഹത്തിലാണെങ്കില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിച്ചിട്ടുള്ള കുട്ടി പ്രതിഷേധമറിയിക്കുകയും വീട്ടിലേക്ക് പോകണമെന്ന് പറയുകയും വേണം. മാത്രവുമല്ല പരിക്കേറ്റ തന്നെ ആദ്യം കാണിച്ച ഡോക്ടറോട് മാതാവ് പ്ലാസ്റ്റിക് കത്തി തെറിച്ചാണ് പൊള്ളിയതെന്ന് പറഞ്ഞുവെന്നും എന്നാല്‍ പ്ലാസ്റ്റിക് കത്തിയുള്ള പൊള്ളലല്ല ഇതെന്ന് ഡോക്ടര്‍ അമ്മയോടെ പറയുന്നത് കേട്ടതായും പൊള്ളലേറ്റ കുട്ടി മൊഴി നല്കിയിട്ടുള്ളതായും പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാണിച്ചു.
വിശദമായ വാദങ്ങള്‍ക്കു ശേഷമാണ് ഹർജിക്കാരിയായ പ്രതിയോട് കോടതിക്കു മുമ്പാകെ ഹാജരാകാന്‍ ജഡ്ജ് നിര്‍ദ്ദേശിച്ചത്. കേസ് 13 ന് വീണ്ടും പരിഗണിക്കും.കഴിഞ്ഞ മാസം 19 നാണ് കേസിനാസ്പദമായ സംഭവം. രേണുകയുടെ മാതാവ് സൂക്ഷിച്ചിരുന്ന അമ്പത് രൂപ കാണാതായതിനെ തുടര്‍ന്ന് രേണുക മകനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നാണ് പ്രോസിക്യൂഷന് കേസ്.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സ്വകാര്യ ഡോക്ടറെ കാണിക്കുകയും പ്ലാസ്റ്റിക് ഉരുകി തെറിച്ച് പൊള്ളലേറ്റതാണെന്ന് മാതാവ് ഡോക്ടറോട് പറയുകയും ചെയ്തു. എന്നാല്‍ പരിക്കുകള്‍ ഗുരുതരമാണെന്നും പ്ലാസ്റ്റിക് ഉരുകിയിട്ടുള്ള പൊള്ളലല്ല ഇതെന്നും കൂടുതല്‍ വിദഗ്ദ ചികിത്സ അനിവാര്യമാണെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുട്ടിയെ വിദഗ്ദ ചികിത്സക്ക് കൊണ്ടുപോകാതെ നാട്ടുവൈദ്യനെ കാണിച്ച് ചികില്‍സ തേടുകയായിരുന്നു.
പിന്നീട് കുട്ടിയുടെ അഛമ്മ വീട്ടിലെത്തിയ ശേഷം വിവരം അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരിക്കേറ്റ കുട്ടി ഇപ്പോള്‍ തലശേരി ചില്‍ഡ്രന്‍സ് ഹോമിലാണുള്ളത്.