കണ്ണൂർ: മൂന്നുദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ജില്ലയിൽ നേരിയ ശമനം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ ഇരിട്ടി, തളിപ്പറന്പ് താലൂക്കുകളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. തളിപ്പറന്പ് ഇരിട്ടി താലൂക്കുകളിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകിയിരിക്കയാണ്. ഇരിട്ടി താലൂക്കിൽ ആറും തളിപ്പറന്പ് താലൂക്കിൽ മൂന്നും ദുരിതാശ്വാസ ക്യാന്പുകൾ തുറന്നിട്ടുണ്ട്. 475 പേരാണ് ഈ ക്യാന്പിലുള്ളത്.
നൂറിലേറെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിൽ തകർന്ന പാൽചുരം റോഡ് പരിശോധിക്കാൻ ചുരം എക്സിക്യൂട്ടീവ് എൻജിനിയർ ഇന്ന് ചുരം സന്ദർശിച്ച് പ്രാഥമിക കണക്കെടുപ്പ് നടത്തും. കനത്ത മഴയെ തുടർന്ന് അടച്ച മാക്കൂട്ടം ചുരം റോഡ് ഇന്ന് താത്കാലികമായി തുറന്നുനൽകി. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇതുവഴി സർവീസ് നടത്തുന്നത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സന്ദർശിക്കുന്നുണ്ട്.
ഇരിട്ടി മേഖലയില്‍ മഴ കുറഞ്ഞു; ദുരിതം തുടരുന്നു
ഇരിട്ടി: ഇരിട്ടി മേഖലയില്‍ മഴ കുറഞ്ഞു. ദുരിതം തുടരുന്നു. കതുവാപറമ്പില്‍ വാണിയംമാക്കല് ജോയിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട് തകര്‍ന്നു. ഇന്നു പുലര്‍ച്ചെ ഇരിട്ടി – മാടത്തില്‍ റോഡില്‍ കല്ലുമുട്ടിയില്‍ പ്രദീപന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പ് തകര്‍ന്ന് പുഴയിലേക്ക് പതിച്ചു.
ഇരുചക്ര വാഹനങ്ങള്‍ അടക്കം പുഴയിലാണുളളത്. അയ്യന്‍കുന്ന്, ആറളം പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പിലും മേഖലിയിലും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, സണ്ണി ജോസഫ് എംഎല്‍എ, സിപിഎം ഏരിയാ സെക്രട്ടറി ബിനോയി കുര്യന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, പഞ്ചായത്തംഗങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പേരാവൂര്‍ വഴി വീരാജ് പേട്ടയിലേക്കുള്ള ഗതാഗതം നിരോധിച്ചതിനാല്‍ അപകട ഭീതിയില്‍ അടച്ച മാക്കൂട്ടംചുരം റോഡ് താത്കാലികമായി തുറന്ന് നല്കി.
ജീപ്പ് ,കാര്‍ സര്‍വീസ് ഇതു വഴി നടക്കുന്നുണ്ട്. ലോറികള്‍ വരാത്തതിനാല്‍ പഴം , പച്ചക്കറി വരവ് ഇരിട്ടി മേഖലയില്‍ നിലക്കും. ഇത് വിലകയറ്റത്തിനിടയാക്കും. വാണിയപ്പാറ തട്ടില്‍ ഉരുള്‍പൊട്ടി വരകനാട്ട് മാമച്ചന്റെ അരയേക്കറോളം റബര്‍തോട്ടം ഒഴുകിപോയി. വാണിയപ്പാറതട്ടിലെ റോഡുകള്‍ തകര്‍ന്ന് പ്രദേശത്ത് ഒറ്റപ്പെട്ടു.
എടപ്പുഴയിൽ വീട് തകർന്നതിന്റെ പിന്നിൽ ചെങ്കൽ ക്വാറികളിലെ വെള്ളമെന്ന്
കരിക്കോട്ടക്കരി: എടപ്പുഴ റോഡില്‍ വെന്ത ചാപ്പയില്‍ രണ്ട് വീടുകള്‍ ജനം നോക്കി നിൽക്കേ ഉരുള്‍പൊട്ടിയും കുന്നിടിഞ്ഞ് വീണതും അനധികൃത ചെങ്കല്‍ പണകളിലെ വെള്ളം ജലബോംബായി പതിച്ചപ്പോഴെന്ന് നാട്ടുകാര്‍. വ്യാപകമായി ചെങ്കുത്തായ ഈ മേഖലയില്‍ ചെങ്കല്‍ പണകള്‍ അനധികൃതമായി നടത്തുന്നുണ്ട്. ഇതാണ് ഈ മേഖലയില്‍ വീട് തകരാനും മലവെള്ളപാച്ചിലില്‍ കൃഷിയിടങ്ങള്‍ തകരാനും കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഒറ്റപനക്കല് രവീന്ദ്രന്,
സഹോദരന് മോഹനന് എന്നിവരുടെ കോണ്‍ക്രീറ്റ് വീടുള്പെടെയാണ് തകര്‍ന്ന് നാമാവശേഷമായത്. ഇവിടെ തന്നെയുള്ള തടത്തില്‍ ശാരദയുടെ വീടും അപകടാവസ്ഥയിലായി. ഇവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
രണ്ടാംകടവ് , വാണിയപ്പാറതട്ട് മേഖലയിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം നിർത്തി
അങ്ങാടിക്കടവ്: ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ടാംകടവ് , വാണിയപ്പാറതട്ട് മേഖലയിലുള്ള ക്വാറികളുടെ പ്രവര്‍ത്തനം നിറുത്തി വെച്ചു. പാറക്കാമലയില്‍ ഉള്‍പടെ അനധികൃത ക്വാറികളും ക്രഷറുകളും ഉള്‍പെടെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഉരുള്‍പൊട്ടുന്നതെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഇന്നലെ വൈകുന്നേരം സ്ഥലത്തെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ് വെച്ച് പ്രതിഷേധം അറിയിച്ചു.
അയ്യന്‍കുന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ തിരിഞ്ഞ് നോക്കിയില്ലന്നാരോപിച്ചാണ് പാറക്കാമലയിലെത്തിയ സംഘത്തെ പ്രതിഷേധം അറിയിച്ചത്. തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍ കെ.എം. ഏബ്രഹാമും സ്ഥലത്തെത്തി അടിയന്തിര നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്കി.
കൊട്ടിയൂർ പഞ്ചായത്തിൽ 25 കോടി രൂപയുടെ നാശനഷ്ടം
കൊട്ടിയൂർ: മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ ദുരന്തം വിതച്ച കൊട്ടിയൂർ പഞ്ചായത്തിൽ 25 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക കണക്ക്. ജനജീവിതം സാധാരണഗതിയാകുവാൻ മാസങ്ങളെടുക്കും. 50 ഓളം വീടുകൾ ഭാഗികമായും പൂർണമായും തകർന്നതിൽപെടും. നിരവധി കലുങ്കുകളും, പാലങ്ങളും തകർന്നു, കിലോമീറ്ററോളും റോഡുകൾ തകർന്നു, എക്കറുകണക്കിന് കൃഷിയിടങ്ങളാണ് ഉരുൾപൊട്ടിയും മലവെള്ളപാച്ചിലിലും നശിച്ചത്.
നെല്ലിയോടിയിൽ വീടു തകർന്ന് രണ്ടാളുകൾക്ക് പരിക്കുപറ്റി. ബാവലിപ്പുഴ കരവിഞ്ഞതോടെ പുഴയുടെ ഇരുകരകളിലുമായി നിരവധി ആളുകളുടെ വിടുകളിൽ വെള്ളം കയറി. ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് പുഴയെടുത്തത്.
അമ്പായത്തോട്ടിലും, ചുങ്കക്കുന്നിലുമായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
200 ആളുകളാണ് ഇവിടെയുള്ളത്.പാൽചുരത്തിലെ മണ്ണും കൂറ്റൻ പാറകളും നീക്കാൻ ആഴ്ച്ചകളെടുക്കും. ചുരം എക്സിക്യൂട്ടിവ് എൻജിനിയർ ഇന്ന് ചുരം സന്ദർശിച്ച് പ്രാഥമിക കണക്കെടുപ്പു നടത്തും. കേളകം, കണിച്ചാർ പഞ്ചായത്തുകളുടെ നഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി വരുന്നു.
റോഡുകൾ തകർന്നു, കൃഷിനാശം വ്യാപകം
ആലക്കോട്: മലയോരത്ത് കനത്ത മഴയ്ക്ക് നേരിയ ശമനം. ഉദയഗിരി, ആലക്കോട്, നടുവിൽ പഞ്ചായത്തുകളിലാണ് മഴ അൽപം ശാന്തമായിരിക്കുന്നത്. പുഴകളിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും പല കൃഷിയിടങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കനത്ത വെള്ളമൊഴുക്കിൽ വായാട്ടുപറന്പ് കവലയിലെ താഴത്തുപറന്പിൽ മനോജിന്റെ കൃഷിയിടം മണ്ണിടിച്ചിൽ ഭീഷണിയിലായി.
കൃഷിയിടത്തോട് ചേർന്ന് ഒഴുകുന്ന കൈത്തോട്ടിൽ വെള്ളം കുത്തിയൊലിച്ച് ഒഴുകിയതാണ് കൃഷിയിടത്തിന്റെ സംരക്ഷണ ഭിത്തിവരെ തകർത്തത്. വെള്ളപ്പാച്ചിലിൽ സംരക്ഷണ ഭിത്തി പൂർണമായും തകർത്തു. മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ വീടും അപകട ഭീഷണിയിലാണ്.മണ്ടളത്ത് ഇന്നലെയുണ്ടായ ഉരുൾപൊട്ടലിൽ കല്ലും മണ്ണും വന്നടിഞ്ഞ് മണ്ടളം-ചേറ്റടി-താറ്റ്യാട് റോഡ് തടസപ്പെട്ടു.
ഇതുവഴി ഗതാഗതം പൂർണമായി നിലച്ചിരിക്കയാണ്. ഇവിടെ റോഡ് ഒരു കിലോമീറ്റർ പാടെ നശിച്ചിരിക്കയാണ്. മാവുംചാലിൽ കനത്തമഴയിൽ നിരവധി റോഡുകൾ തകർന്നു. തേർമല-മാവുംചാൽ റോഡ്, മാവുംചാൽ-പാലക്കയംതട്ട് റോഡ്, കൊരണ്ടക്കാട്ട് തട്ട്-മാവുംചാൽ പള്ളി റോഡ്, മാവുംചാൽ പുല്ലരിയൻപാറ കലുങ്ക്, തോട്ടപ്പള്ളികവല കലുങ്ക് എന്നിവയാണ് തകർന്നത്. തേർമലയിൽ മുത്തയ്യംകുന്ന്-മല്ലക്കുളം റോഡ് 25 മീറ്റർ ഇടിഞ്ഞുപോയി. ഇതുവഴി ഗതാഗതം നിലച്ചിരിക്കയാണ്.
മലയോര മേഖലയിലെ പൈതൽമല, മഞ്ഞപ്പുല്ല്, പാലക്കയംതട്ട്, വായിക്കന്പ, ജനാകിപ്പാറ വെള്ളച്ചാട്ടം, വൈതൽകുണ്ട് വെള്ളച്ചാട്ടങ്ങളിൽ എത്തുന്ന സഞ്ചാരികൾ അതീവശ്രദ്ധപാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തകർന്ന മാവുംചാൽ തേർമല ഭാഗത്തെ റോഡുകൾതളിപ്പറന്പ് തഹസിൽദാർ സന്ദർശിച്ചു.
ശ്രീകണ്ഠപുരം സാധാരണ നിലയിലേക്ക്
ശ്രീകണ്ഠപുരം: കർണാടക വനമേഖലയിലെ ഉരുൾപൊട്ടലിനെത്തുടർന്ന് കഴിഞ്ഞ രണ്ട് ദിവങ്ങളായുള്ള വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ശ്രീകണ്ഠപുരം മേഖല സാധാരണ നിലയിലേക്ക്. ഇന്നലെ വൈകുന്നേരത്തോടെ നേരിയതോതിൽ ഇറങ്ങിയ വെള്ളം രാത്രി വീണ്ടും ഇരച്ച് കയറിയത് ഭീതിയിലാഴ്ത്തിയെങ്കിലും ഇന്ന് പുലർച്ചെയോടെ വീണ്ടും ഇറങ്ങി.
ശ്രീകണ്ഠപുരം-പയ്യാവൂർ, ശ്രീകണ്ഠപുരം-ഇരിക്കൂർ-ഇരിട്ടി, ശ്രീകണ്ഠപുരം-മയ്യിൽ റോഡുകളിലെ വെള്ളം ഇറങ്ങിയതോടെ കഴിഞ്ഞ രണ്ട് ദിവസമായി മുടങ്ങിക്കിടന്ന പയ്യാവൂർ, ഏരുവേശി, ചെമ്പന്തൊട്ടി, ചേപ്പറമ്പ്, ഇരിക്കൂർ, ഇരിട്ടി, മലപ്പട്ടം, മയ്യിൽ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുന:സ്ഥാപിച്ചു. ഇരിക്കൂർ, ശ്രീകണ്ഠപുരം, ചെങ്ങളായി, മലപ്പട്ടം പ്രദേശങ്ങളിലെ വയലുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണുള്ളത്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ലക്ഷങ്ങളുടെ കൃഷിനാശമാണുണ്ടായത്.
ശ്രീകണ്ഠപുരം, ചെങ്ങളായി, ഇരിക്കൂർ ടൗണുകളിൽ വ്യാപാരികൾ കടകളിൽ ശുചീകരണം നടത്തി. നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് സർക്കാർ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.സി. മാമുഹാജി, ജനറൽ സെക്രട്ടറി സി.കെ. അലക്സ്, സെക്രട്ടറി സിഎച്ച് അബ്ദുറഹ്മാൻ, യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് കെ.പി. ഇബ്രാഹിം, സെക്രട്ടറി നിയാസ് മലബാർ, ട്രഷറർ സി. നാസർ എന്നിവർ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു.