ഇടുക്കി: ആശങ്കകൾക്ക് നേരിയ വിരാമമിട്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറയുന്നു. 2,400.68 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ 17 മണിക്കൂറിനുള്ളിൽ 0.76 അടി വെള്ളമാണ് കുറഞ്ഞതെന്നാണ് അധികൃതർ അറിയിച്ചത്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ജലനിരപ്പ് സംഭരണ ശേഷിയിലേക്ക് അടുക്കുകയും ചെയ്തതിനേത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് അഞ്ച് ഷട്ടറുകളും തുറന്നത്.
ഷട്ടറുകളെല്ലാം തുറന്നിട്ടും ആദ്യ മണിക്കൂറുകളിൽ ജലനിരപ്പ് ഉയരുക തന്നെയായിരുന്നു. വൈകുന്നേരം മഴ കുറഞ്ഞതോടെ നീരൊഴുക്ക് കുറയുകയും ജലനിരപ്പ് നേരിയ തോതിൽ താഴുകയുംചെയ്തു. 2,400 അടിയായ വെള്ളത്തിന്‍റെ അളവ് താഴാതെ ഷട്ടറുകൾ താഴ്ത്തില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.