കോട്ടയം: എക്സൈസിന്റെ നേതൃത്വത്തിൽ 35 റെയ്ഡ് നടത്തി 25 കേസുകൾ രജിസ്റ്റർ ചെയ്തു. പരസ്യമായി മദ്യപിച്ച കുറ്റത്തിന് എട്ടു പേർക്കെതിരെ കേസെടുത്തു. എക്സൈസ് സ്പെഷൽ സ്ക്വാഡ് മുണ്ടക്കയം ഭാഗത്ത് വാഹന പരിശോധന നടത്തി വരവേ തമിഴ് നാട്ടിൽ നിന്നും കടത്തിക്കൊണ്ടുവന്ന 190 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു.
കഞ്ചാവ് കടത്തിക്കൊണ്ടുവന്ന തമിഴ്നാട് സ്വദേശി പാണ്ഡ്യൻ എന്നയാളെ അറസ്റ്റു ചെയ്തു. ബസിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച രണ്ടു ലക്ഷം രൂപയുടെ കുഴൽ പണവും എക്സൈസ് സംഘം കണ്ടെത്തി. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് ബസിൽ നിന്നും കുഴൽ പണവുമായി 22 കാരനായ അൻസാറിനെ പിടികൂടിയത്. പ്രതിയേയും തൊണ്ടിവകയും മുണ്ടക്കയം പോലീസിനു കൈമാറി.
ഓണക്കാല വില്പന ലക്ഷ്യമാക്കി ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 200 ലിറ്റർ കോട കണ്ടെത്തി എക്സൈസ് സംഘം നശിപ്പിച്ചു. എരുമേലി കൊന്പുകുത്തി വനമേഖലയിൽ നിന്നു 104 ലിറ്റർ കോടയും വൈക്കം കായൽ മേഖലയിൽ നിന്നും 96 ലിറ്റർ കോടയുമാണ് നശിപ്പിച്ചത്.
വൈക്കം, കടുത്തുരുത്തി, പാന്പാടി മേഖലയിൽ പോലീസും റവന്യൂ വകുപ്പുമായി ചേർന്നു സംയുക്ത പരിശോധന നടത്തി. എരുമേലിയിൽ വനം വകുപ്പുമായി ചേർന്നായിരുന്നു പരിശോധന. വൈക്കത്തു കായൽ മേഖലയിലും പരിശോധന ശക്തമാക്കി.
ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ രണ്ടു ക്യാന്പുകളിൽ എക്സൈസ് പരിശോധന നടത്തി. താമസമില്ലാത്ത വീടുകളും, അടഞ്ഞുകിടക്കുന്ന ഫാക്്ടറികളും, ഒറ്റപ്പെട്ട സ്ഥലങ്ങളും പരിശോധിച്ചു. 38 കള്ളുഷാപ്പുകളിലും രണ്ടു ബാറുകളിലും ഒരു ബിയർ പാർലറുകളിലും പരിശോധന നടത്തി.