നെന്മാറ: നാഷണൽ കാർറാലിയിൽ നേട്ടങ്ങളുടെ നെറുകയിലെത്തി കൊടുവായൂർ സ്വദേശി കെ.സി.ആദിത്ത്. കഴിഞ്ഞ ഞായറാഴ്ച കോയന്പത്തൂർ പല്ലടത്തുനടന്ന നാഷണൽ കാർറാലി ചാന്പ്യൻഷിപ്പിലാണ് ആദിത്ത് ഒന്നാം സ്ഥാനം നേടിയത്.
നവക്കോട് കൊളപ്പുള്ളി കളത്തിൽ കെ.ടി.ചെന്താമരയുടെയും ദീപയുടെയും മകനാണ് ആദിത്ത്. രണ്ടാംതവണയും വിജയം നേടിയ ആദിത്ത് ചെറുപ്പത്തിൽ അച്ഛൻ ചെന്താമര, മുത്തച്ഛൻ കെ.സി.തീത്തുണ്ണി എന്നിവരോടൊപ്പം കാർ യാത്രചെയ്യുന്പോൾ വളയം പിടിക്കാൻ തുടങ്ങി.
മകന്റെ കാർ ഓടിക്കാനുള്ള താത്പര്യത്തിന് അച്ഛനും അമ്മയും പ്രോത്സാഹനം നല്കിയതോടെ കാറോട്ടം ഹരമായി. സൂറത്തിലെ നുജും എവിയേഷൻ പരിശീലന കേന്ദ്രത്തിൽനിന്ന് പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയെങ്കിലും ആദിത്തിന് കാറോട്ടത്തിലാണ് കന്പം.
2011 മുതൽ വിവിധ കാറോട്ട മത്സരങ്ങളിൽ പങ്കെടുക്കുന്ന ആദിത്ത് ഇതുവരെ 25 ലധികം മെഡലുകൾ നേടിയിട്ടുണ്ട്. 2012 ൽ ബംഗളൂരുവിലും 2014 ൽ കോയന്പത്തൂരിലും നടന്ന ചാന്പ്യൻഷിപ്പുകളിൽ ആദിത്തിനാണ് വിജയം.
കോയന്പത്തൂരിൽ നടന്ന റാലിയിൽ രണ്ടുഘട്ടമായി 105 കിലോമീറ്റർ 1.19.08 സെക്കന്റുകൊണ്ട് കീഴടക്കിയാണ് ആദിത്ത് ജേതാവായത്.