കണ്ണൂർ: കോർപറേഷനിലെ കോൺഗ്രസ്-ലീഗ് തർക്കത്തിനു പരിഹാരം. കോർപറേഷൻ മുന്നണി സംവിധാനം കാര്യക്ഷമമാക്കാൻ ഇരുപക്ഷത്തെയും കൗൺസിലർമാരെയും പാർട്ടി ഭാരവാഹികളെയും ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റിക്കു രൂപം നൽകാൻ ധാരണയായി.
കോർപറേഷൻ ഭരണത്തിനെതിരേ പ്രക്ഷോഭം ആരംഭിക്കും. ഇരുപാർട്ടികളുടെയും മുതിർന്ന നേതാക്കളും കൗൺസിലർമാരും ഇന്നലെ ഡിസിസി ഓഫീസിൽ യോഗം ചേർന്നാണു പ്രശ്നപരിഹാര ഫോർമുല തയാറാക്കിയത്. കെ.സുധാകരന്റെ മധ്യസ്ഥതയിൽ ലീഗ്-കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി ഇന്നലെ വൈകുന്നേരം ആറിന് ആരംഭിച്ച ചർച്ച 7.30 ഓടെയാണ് സമാപിച്ചത്.
വിമത കൗൺസിലർ പി.കെ. രാഗേഷിനെ ഒപ്പംകൂട്ടി കോർപറേഷൻ ഭരണം പിടിക്കണമെന്നുള്ള ലീഗ് നിർദേശം കോൺഗ്രസിലെ ചിലരുടെ എതിർപ്പുമൂലം നടക്കുന്നില്ലെന്നായിരുന്നു ലഗിന്റെ പ്രധാനപരാതി. കോർപറേഷനിലെ കോൺഗ്രസ് നേതൃത്വം പല കാര്യങ്ങളിലും ഇടതുപക്ഷവുമായി നീക്കുപോക്ക് നടത്തുന്നു. ലീഗ് അംഗങ്ങളുമായി കൂടിയാലോചന നടത്തുന്നില്ല തുടങ്ങിയ പരാതികളും ലീഗിനുണ്ടായിരുന്നു.
പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ സ്ഥിരം സമിതി അംഗങ്ങൾക്കെതിരേ അവിശ്വാസം കൊണ്ടുവരുമെന്നു ലീഗ് ഭീഷണിമുഴക്കിയതോടെയാണ് പ്രശ്നപരിഹാരത്തിനു മുതിർന്ന നേതാക്കൾ രംഗത്തെത്തിയത്.കോർപറേഷനിൽ ഭരണമാറ്റത്തിനുവേണ്ടി ശ്രമിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പു നൽകി.
പല വിഷയങ്ങളിലും കോൺഗ്രസ്-ലീഗ് കൗൺസിലർമാർ തമ്മിൽ പരസ്പര ധാരണയില്ലാത്തതിന്റെ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് ഇരുപക്ഷവും സമ്മതിച്ചു. ഇതു പരിഹരിക്കാനാണു സ്റ്റിയറിംഗ് കമ്മിറ്റി.ഇടതുഭരണത്തിനെതിരേ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും. കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരുടെയും കോൺഗ്രസ്, ലീഗ് മണ്ഡലം ഭാരവാഹികളുടെയും യോഗം 15നു കണ്ണൂർ ഡിസിസി ഓഫീസിൽ ചേരുന്നുണ്ട്.
കോൺഗ്രസ് നേതാക്കളായ കെ. സുധാകരൻ, സതീശൻ പാച്ചേനി, എ.ഡി. മുസ്തഫ, മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ, ലീഗ് നേതാക്കളായ പി.എ. തങ്ങൾ, വി.പി. വന്പൻ, സി. സമീർ കെ.പി. താഹിർ, എം.പി. മുഹമ്മദലി എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.