ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച പ്രണവ് ചിത്രത്തിനായി പാർക്കൗർ എന്ന ആയോധന കല പരിശീലിച്ചത് വലിയ വാർത്തയായിരുന്നു.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ കൂടി വീണ്ടും നായകന്റെ കുപ്പായമണിയുന്ന പ്രണവ് ഈ ചിത്രത്തിലും അൽപ്പം സാഹസം കാണിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തവണ സർഫിംഗിലാണ് പ്രണവ് കൈവെയ്ക്കുന്നത്. ഇതിനായി ഇന്തോനേഷ്യയിലെ ബാലിയിലാണ് പ്രണവ് സർഫിംഗ് പരിശീലിച്ചത്. പുതുമുഖ താരം റേച്ചൽ നായികയാകുന്ന ചിത്രം ക്രിസ്മസ് റിലീസായാണ് തീയറ്ററുകളിലെത്തുക. ഗോവ, കാഞ്ഞിരപ്പള്ളി, സൗത്ത് ആഫ്രിക്ക, ഹൈദരാബാദ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
കലാഭവൻ ഷാജോണ്‍, മനോജ് കെ. ജയൻ, ധർമജൻ ബോൾഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിക്കുന്നത്.