അഞ്ചുതവണ പുന്നമടയിലെ ജല വേഗപ്പോരിൽ നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് നേടിയ ചരിത്രമുള്ള ജവഹർ തായങ്കരി ഇത്തവണ പുന്നമടയിലെത്തുന്നത് പുതുചരിത്രമെഴുതാൻ. നെഹ്റുട്രോഫി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്റെ കീഴിൽ മത്സരിച്ച ചുണ്ടനെന്ന ചരിത്രമെഴുതാൻ കൂടിയാണ് ദാവീദ് പുത്ര ബോട്ട് ക്ലബ് തുഴയുന്ന ചുണ്ടന്റെ വരവ്.
81 തുഴക്കാരും അഞ്ച് അമരക്കാരും 11 നിലക്കാരുമുള്ള ചുണ്ടനെ നയിക്കുന്നത് നെഹ്റുട്രോഫി ജലമേളയെ ഒന്നര പതിറ്റാണ്ടിലധികമായി തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയ പ്രവാസി മലയാളിയായ ആലപ്പുഴ തത്തംപള്ളി സ്വദേശി സുനിൽ വഞ്ചിക്കലിന്റെ മകനും ഹയർ സെക്കൻഡറി വിദ്യാർഥിയുമായ കെനസ് ജോസഫ് സുനിലാണ്.
നെഹ്റുട്രോഫി ചരിത്രത്തിലെ പ്രായം കുറഞ്ഞ ക്യാപ്റ്റനാണെങ്കിലും അതിന്റെ സഭാ കന്പമൊന്നുമില്ലാതെ ടീമംഗങ്ങൾക്കൊപ്പം നാളുകളായി പരിശീലനത്തിലാണ് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിയായ കെനസ്. ചുണ്ടൻ വള്ളത്തിന്റെ ക്യാപ്റ്റനായും ടീമിന്റെ സ്പോണ്‍സറായും 16 വർഷമായി ജലോത്സവ രംഗത്തുള്ള പിതാവ് സുനിലിന്റെയും മാതാവ് റാണിയുടെയും സഹോദരൻമാരായ കെവിൻ, കെന്നി എന്നിവരുടെയും സജീവ പിന്തുണ കെനസിനുണ്ട്.
നീറ്റിലിറക്കിയ വർഷം ജലരാജപ്പട്ടം നേടി ചരിത്രത്തിലിടം നേടിയ ജവഹർ തായങ്കരി ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം മരിയാപുരം പച്ച ദാവീദ്പുത്ര ബോട്ട്ക്ലബിന്റെ കരുത്തിൽ പുന്നമടയിലെത്തുകയാണ് – ചരിത്രത്തിലെ പ്രായം കുറഞ്ഞ ക്യാപ്റ്റനൊപ്പം വിജയ ചരിത്രമാവർത്തിക്കാൻ.