മുലപ്പാൽ കുഞ്ഞിന്റെ ജന്മാവകാശമാണെന്ന സന്ദേശം ഊട്ടിയുറപ്പിച്ച് ഫിലിപ്പൈൻസിൽ ആയിരക്കണക്കിന് അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടി. സർക്കാർ സംഘടപ്പിച്ച ബോധവത്കരണ പരിപാടിയിലായിരുന്നു അമ്മമാർ ഒരുമിച്ച് മുലയൂട്ടൽ നടത്തിയത്.
സൗന്ദര്യത്തിന്റെ പേരിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നല്കാൻ വിസമ്മതിക്കുന്ന അമ്മമാരെ ലക്ഷ്യമിട്ടാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിച്ചത്. ഒപ്പം ശിശുമരണം, ആരോഗ്യക്കുറവ് എന്നിവ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമുണ്ട്.
1,500ലധികം അമ്മമാരാണ് ഇന്നലെ ഫിലിപ്പൈൻസിലെ തലസ്ഥാനമായ മനിലയിലെ ഒരു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് എത്തിയത്. സമാനമായ 61 പരിപാടികൾ ഫിലിപ്പൈൻസിന്റെ വിവിധ നഗരങ്ങളിൽ നടക്കുകയും ചെയ്തു.
ഓഗസ്റ്റ് ഒന്നു മുതൽ ഏഴു വരെ ലോക മുലയൂട്ടൽ വാരം ആചരിക്കുന്ന സാഹചര്യത്തിലാണ് ഫിലിപ്പൈൻസിൽ ബോധവത്കരണ പരിപാടിയായി മുലയൂട്ടൽ സംഘടിപ്പിച്ചത്.
മുലപ്പാൽ ലഭിക്കാത്ത കുട്ടികളുടെ ആരോഗ്യം
ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകത്ത് 7.8 കോടി നവജാതശിശുക്കൾ ആരോഗ്യക്കുറവുള്ളവരാണ്. ജനനശേഷം മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങളാണിവർ.
ഇതിനൊപ്പം, കുട്ടികൾക്ക് അപകടകരമാംവിധം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണക്കൂട്ടുകൾ ഒഴിവാക്കാൻ അമ്മമാരെയും ആരോഗ്യപ്രവർത്തകരെയും ബോധവത്കരിക്കാൻ സർക്കാരുകൾ മുൻകൈയെടുക്കണമെന്ന് ലോകാരോഗ്യസംഘടനയും അഭിപ്രായപ്പെട്ടു.