ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം തുടങ്ങാൻ ഇനിയും കാത്തിരിക്കണം. ഈ വർഷം ഒക്ടോബറിൽ വിക്ഷേപണം നടത്താമെന്നു തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികകാരണങ്ങളാൽ വിക്ഷേപണം നീട്ടിയതായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) അറിയിച്ചു. 2019 ജനുവരിയിൽ വിക്ഷേപണം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ.
ജിഎസ്എൽവി എംകെ-3 ഉപയോഗിച്ചായിരിക്കും ചന്ദ്രയാൻ-2 വിക്ഷേപിക്കുക. ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റ് എന്ന വിശേഷണമുള്ള ജിഎസ്എൽവി എംകെ-3ന് ബാഹുബലി എന്നാണ് വിളിപ്പേര്. 640 ടൺ ആണ് ഭാരം.
രണ്ടാം ചന്ദ്രദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ റോവർ ഇറക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്. ഈ റോവർ ചന്ദ്രോപരിതലത്തിൽ സോഡിയം, മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യം പരിശോധിക്കും. അതേസമയം, കുഴിക്കലും ഹീലിയം-3 വേർതിരിക്കലും ഇതുവരെ ഇസ്രോയുടെ പദ്ധതിയിലില്ല. 603 കോടി രൂപയാണ് ചന്ദ്രയാൻ -2ന്റെ ആകെ പദ്ധതിച്ചെലവ്.
ഇസ്രോ പുതിയ ഷെഡ്യൂൾ തീരുമാനിക്കുന്പോൾ ഇസ്രയേൽ ഇന്ത്യയെ മറികടന്നേക്കും. ഡിസംബറിൽ തങ്ങളുടെ ആദ്യ ചന്ദ്രദൗത്യം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേൽ. അമേരിക്കൻ സ്വകാര്യ റോക്കറ്റ് കന്പനിയായ സ്പേസ് എക്സിന്റെ സഹായത്തോടെ സ്വകാര്യ ഇസ്രേലി കമ്പനിയായ സ്പേസ് ഐഎൽ ആണ് ചന്ദ്രദൗത്യം തുടങ്ങുന്നത്.