തങ്ങളുടെ ചിത്രങ്ങൾ എത്രത്തോളം ശ്രദ്ധേയമാക്കാമെന്നു നോക്കുന്നവരാണ് യുവാക്കൾ. ബിരുദദാനച്ചടങ്ങു കഴിഞ്ഞ് കോളജിനോട് വിടപറയുന്ന വേളയിൽ ടെക്സസ് സ്വദേശിനി മക്കെൻസി നൊലൻഡ് എന്ന ഇരുപത്തൊന്നുകാരി എടുത്ത ചിത്രങ്ങൾ ഇപ്പോൾ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
വൈൽഡ്ലൈഫ് ആൻഡ് ഫിഷറി സയൻസിൽ ബിരുദമെടുത്ത നൊലൻഡിന്റെ ബിരുദദാനച്ചടങ്ങ് വെള്ളിയാഴ്ചയായിരുന്നു. ചടങ്ങിനുശേഷം അവൾ നേരേ പോയത് ബിഗ് ടെക്സ് എന്നു വിളിക്കുന്ന മുതലയുടെ അടുത്തേക്കായിരുന്നു. അവനൊപ്പം നിന്ന് ചിത്രമെടുക്കാൻ.
ആ ചിത്രങ്ങൾ അവൾ സോഷ്യൽ മീഡിയയിൽ “നിങ്ങളുടെ ബിരുദദാന ചിത്രംപോലെയല്ല ഇത്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതാണ് വൈറലായത് 13.8 അടി നീളവും 400 കിലോഗ്രാമിലധികം ഭാരവുമുള്ള ടെക്സിനെ ടെക്സസിലുള്ള ബ്യൂമൗണ്ട് പുനരധിവാസകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
മേയിൽ ഇവിടെ ഇന്റേൺഷിപ്പ് ചെയ്യുന്പോഴായിരുന്നു നൊലൻഡ് ടെക്സിനെ കാണുന്നത്. ഇന്റേൺഷിപ്പിന്റെ കാലത്ത് ടെക്സുമായി അടുക്കുകയും ചെയ്തു. ടെക്സ് ആക്രമിക്കില്ലായിരുന്നോ എന്ന ചോദ്യത്തിന് അവൾക്ക് ഒന്നേ പറയാനുള്ളൂ. മുതലക്കുഞ്ഞുങ്ങൾ എന്നെ കടിച്ചിട്ടുണ്ട്. എന്നാൽ, ടെക്സ് ഒരിക്കലും കടിച്ചിട്ടില്ല. ആളൊരു പാവമാണ്.
മുതലസംരക്ഷണകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ആർലി ഹാമണ്ട്സ് ആണ് മുതലയ്ക്കൊപ്പം നിൽക്കുന്ന നൊലൻഡിന്റെ ചിത്രമെടുത്തത്. 2016 മുതൽ ബിഗ് ടെക്സ് ഇവിടത്തെ അന്തേവാസിയാണ്.