മങ്കൊന്പ്: പത്തുദിവസത്തെ ഇടവേളയ്ക്കുശേഷം അമ്മയെയും സഹോദരിയെയും കാണാൻ കൊതിയോടെയെത്തിയ സിമിയെ കാത്തിരുന്നത് ഇരുവരുടെയും ചേതനയറ്റ ശരീരം. ഇന്നലെ നെടുമുടിയിൽ പാടത്തെ വെള്ളക്കെട്ടിൽ വീണു മരിച്ച ജോളിയുടെ മൂത്തമകളും, സിജിയുടെ ഏക സഹോദരിയുമായ സിമി ഇപ്പോഴും കണ്മുന്നിൽ കണ്ട കാഴ്ചയുടെ ഞെട്ടലിൽ നിന്നും ഇനിയും മോചിതയായിട്ടില്ല.
ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ ഫാഷൻ ഡിസൈനിംഗിൽ രണ്ടാം വർഷ ഡിപ്ലോമാ വിദ്യാർത്ഥിയാണ് സിമി. ദിവസവും വീട്ടിൽ നിന്നുമാണ് കോളജിലേക്കു പോയിരുന്നത്. എന്നാൽ വെള്ളപ്പൊക്കത്തെ തുടർന്ന് എസി റോഡിൽ ഗതാഗതം മുടങ്ങിയതോടെ ചങ്ങനാശേരിയിലെ ബന്ധുവീട്ടിൽ നി്ന്നാണ് കോളേജിൽ പോയിരുന്നത്.
പത്തു ദിവസം മുന്പാണ് വീട്ടിൽ നിന്നും ബന്ധുവീട്ടിലേക്കു പോയത്. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചതോടെ വീട്ടിലേക്കുള്ള മടങ്ങിവരവായിരുന്നു ഇന്നലെ. പിരിഞ്ഞിരുന്ന അമ്മയെയും, സഹോദരിയെയും മതിയാവോളം കാണാൻ.
വീട്ടിൽ നിന്നും ഏറെ ദൂരത്തല്ലാത്ത് പൊങ്ങ ജംഗ്ഷനിൽ ബസിറങ്ങുന്പോൾ അവളറിഞ്ഞില്ല. തനിക്കു പ്രിയപ്പെട്ടവർ ഇനി കാണാനാകാത്തിടത്തേയ്ക്കു യാത്രയായെന്ന്. ഇരുവരെയും കെട്ടിപ്പുണർന്ന് വിശേഷങ്ങളറിയാനായി ഓടിയെത്തിയപ്പോൾ വീടിനുള്ളിൽ ആരെയും കാണാനില്ല. ഏറെ നേരം വിളിച്ചിട്ടും കാണാതായതോടെ അയൽവാസികളോട് വിവരം തിരക്കി.
തുടർന്ന് ഇവർക്കൊപ്പം തിരയുന്നതിനിടെയാണ് അയൽവക്കത്തെ സ്ത്രീ ഇരുവരുടെയും ചേതനയറ്റ ശരീരം വെള്ളക്കെട്ടിൽ കണ്ടെത്തിയത്. കണ്ണുകൾ ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാഴ്ച കണ്ട് അലമുറിയുടുന്ന സിമിയെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും കണ്ണീർ പൊഴിച്ചു. വിവരമറിഞ്ഞ് ചങ്ങനാശേരിയിൽ നിന്നെത്തിയ പിതാവിനെ കണ്ടപ്പോൾ ഇവളുടെ ദുഖം അണപൊട്ടിയൊഴുകി.