ചെറുതോണി: ചെറുതോണി അണക്കെട്ടിൽനിന്ന് തുറന്നുവിട്ട വെള്ളം തകർത്തത് വിവിധ ഗ്രാമങ്ങളിലേക്കുള്ള സഞ്ചാരമാർഗങ്ങളാണ്. അണക്കെട്ടിന്റെ നിർമാണത്തിനായി താത്കാലികമായി നിർമിച്ച പാലമാണ് ചെറുതോണിയിലേത്.
ഇടുക്കി, കട്ടപ്പന ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും ജനങ്ങൾക്കും ചെറുതോണിയിലെത്താനുള്ള വഴിയാണ് ചെറുതോണി പുഴയ്ക്കു കുറുകെയുള്ള പാലം. അതിശക്തമായി ഒഴുകിയെത്തിയ വെള്ളവും കടപുഴകി വെള്ളത്തിലൂടെ ഒഴുകിവന്ന മരങ്ങളും പാലത്തിന് ബലക്ഷയം വരുത്തിയിട്ടുണ്ടോ എന്നറിയാൻ അണക്കെട്ടിന്റെ ഷട്ടറടയ്ക്കണം.
പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന് വിള്ളൽ വീണതായാണ് പ്രാഥമിക നിഗമനം. പാലം ടൗണിലേക്ക് കൂടുതൽ കയറിയുള്ളതിനാൽ കാര്യമായ തകരാറുണ്ടാകാൻ വഴിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചെറുതോണി താത്കാലിക ബസ് സ്റ്റാൻഡിനും അപ്പുറം കടന്നാണ് പാലം തുടങ്ങുന്നത്.
പുഴയുടെ അരികിലേക്ക് നീക്കി വ്യാപാര സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങളും ബസ് സ്റ്റാൻഡും നിർമിക്കുകയും ചെയ്തതോടെ പാലത്തിന്റെ നീളം കുറയുകയായിരുന്നു.
അതേസമയം പെരിയാറിനു കുറുകെയുള്ള വെള്ളക്കയം, തടിയന്പാട്, വിമലഗിരി, പെരിയാർവാലി ചപ്പാത്തുകൾ തകർന്നു. വാഴത്തോപ്പ് – മരിയാപുരം പഞ്ചായത്തുകളെതമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്തുകളാണ് വെള്ളക്കയത്തും തടിയന്പാടും വിമലഗിരിയിലുമുള്ളത്. ഇവ തകർന്നതോടെ കുതിരക്കല്ല്, കരിക്കുംതോളം, മഠത്തുംകടവ്, വിമലഗിരി തുടങ്ങിയ ഗ്രാമപ്രദേശങ്ങൾ ഒറ്റപ്പെട്ടു.
തടിയന്പാട് ചപ്പാത്താണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ചപ്പാത്താണിത്. ചപ്പാത്ത് തകർന്നതിനാൽ സ്കൂളുകളിൽ പോകുന്ന വിദ്യാർഥികൾ 12 കിലോമീറ്ററിലധികം ചുറ്റിസഞ്ചരിക്കേണ്ടതായി വരും.
കഞ്ഞിക്കുഴി – വാത്തിക്കുടി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചപ്പാത്താണ് പെരിയാർവാലി ചപ്പാത്ത്.
പെരിയാറിനു തീരത്തുള്ള നിരവധി വീടുകൾ വെള്ളത്തിനടിയിലായിട്ടുണ്ട്. മുൻകൂട്ടി അറിയിപ്പു നൽകിയിരുന്നെങ്കിലും വീട്ടുസാധനങ്ങൾ മുഴുവനായും മാറ്റാനാവാതെ വിലപിടിപ്പുള്ളവ പലതും നശിച്ചു. വെള്ളംകയറി പൂർണമായി തകർന്ന വീടുകളും ഇവയിലുണ്ട്. ഏക്കറുകണക്കിന് ദേഹണ്ഡങ്ങൾ നശിച്ചിട്ടുണ്ട്.