പാറശാല: ജുഡീഷൽ കസ്റ്റഡിയിലിരിക്കെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തൂങ്ങി മരിച്ച അനീഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം , അതിർത്തിയിൽ കേരള ഭാഗത്തു റോഡിൽ വയ്ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.തുടർന്ന് ഉന്നത നേതാക്കൾ സ്ഥലത്തെത്തി ഉപരോധം അവസാനിപ്പിച്ചു. ഉപരോധം കഴിഞ്ഞു മടങ്ങിയവർ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞു .
ഇക്കഴിഞ്ഞ 23 നാണു കളിയിക്കാവിള സ്വദേശി അനീഷി (19 )നെ ലഹരിക്കുപയോഗിക്കുന്ന ഗുളികയുമായി അമരവിള എക്സൈസ് സംഘം പിടികൂടി റിമാൻഡ് ചെയ്തത്. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷ് 25നു ആശുപത്രിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായില്ല. തുടർന്നും വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും ,കുറ്റക്കാരായ ഉദോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കളും സമരസമിതിയും സമര പരിപാടികൾ ആരംഭിക്കുകയും ചെയ്തുവെങ്കിലും അധികൃതർ അതിനു തയാറായില്ല.
തുടർന്ന് സമരസമിതി റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടു കേരള ഹൈക്കോടതിയെ സമീപിച്ചു.മെഡിക്കൽ കോളജ് സിഐയെയും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറെയും വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞ കോടതി കേസ് തള്ളുകയും ,48 മണിക്കൂറിനുള്ളിൽ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങണമെന്നും ,അല്ലാത്തപക്ഷം സർക്കാർ ചെലവിൽ സംസ്കരിക്കാനും ഉത്തരവിട്ടു.ഇതേ തുടർന്നാണ് ഇന്നലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയത്.