കട്ടപ്പന: ഇടുക്കി ചെറുതോണി അണക്കെട്ടിന് ഷട്ടറുകൾ ഏഴ്. ഏഴു ഷട്ടറുകളും തുറന്നാൽ കേരളത്തിന്റെ ഭാവി പ്രവചനാതീതമാകും. തുറന്ന അഞ്ചു ഷട്ടറുകൾക്കു പുറമേ രണ്ടു ഷട്ടറുകൾകൂടി ചെറുതോണി അണക്കെട്ടിനുണ്ട്.
ജലാശയത്തിന്റെ അടിത്തട്ടോടു ചേർന്നാണ് (റിവർ ബഡ് ലവൽ) രണ്ടു ഷട്ടറുകൾ ഉള്ളത്. വെർട്ടിക്കൽ ഗേറ്റ് എന്നാണ് ഇതിനു പറയുന്നത്.
തുറന്ന അഞ്ചു ഷട്ടറുകൾ റേഡിയൽ ഗേറ്റുകളാണ്. 30 അടി ഉയരവും 40 അടി വീതിയുമാണ് റേഡിയൽ ഗേറ്റിനുള്ളത്. ഇത് 30 അടിവരെ ഉയർത്താം. റേഡിയൽ ഗേറ്റുകൾ സമുദ്രനിരപ്പിൽനിന്നും 2370 അടി ഉയരത്തിലാണ്. റേഡിയൽ ഗേറ്റുകൾ തുറന്നാൽ ഡാമിന്റെ 2370 അടിക്കുമുകളിലുള്ള വെള്ളമേ പുറത്തേക്കൊഴുകൂ. ഇപ്പോഴത്തെ അവസ്ഥയിൽ ഷട്ടറുകൾക്കു മുകളിൽ 31 അടി വെള്ളമാണുള്ളത്.
പുതിയ ഡാമുകളുടെ ഉയരം സമുദ്രനിരപ്പിൽനിന്നാണു കണക്കാക്കുന്നത്. ഡാമുകൾ തമ്മിലുള്ള താരതമ്യത്തിനാണ് സമുദ്രനിരപ്പിൽനിന്നുള്ള ഏകീകൃത അളവ് മാനദണ്ഡമാക്കിയത്. സമുദ്രനിരപ്പിൽനിന്നും 2407 അടിയാണ് ഇടുക്കി ഡാമിന്റെ ഉയരം. തറയിൽനിന്ന് 547 അടി.
വെർട്ടിക്കൽ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത് ചെറുതോണി ഡാമിന്റെ അടിത്തട്ടിനോടു ചേർന്നാണ്. ഡാമിലെ ജലനിരപ്പ് റേഡിയൽ ഷട്ടറുകൾ ഉയർത്തി നിയന്തിക്കാനാകാത്ത അടിയന്തരഘട്ടങ്ങളിൽ മാത്രമേ വെർട്ടിക്കൽ ഷട്ടർ തുറക്കൂ. 1981ൽ ഇടുക്കിയിലെ ജലനിരപ്പ് ഉയർന്നപ്പോൾ പരീക്ഷണാർഥം ഒരു വെർട്ടിക്കൽ ഗേറ്റ് സെക്കൻഡുകൾ തുറന്നിരുന്നു. ഭീതിജനകമായ സാഹചര്യമാണ് അന്നുണ്ടായത്. നിമിഷങ്ങൾക്കകംതന്നെ ഗേറ്റ് (ഷട്ടർ) അടയ്ക്കുകയും ചെയ്തു. കിലോമീറ്റർ ദൂരത്തിലാണ് വെള്ളം കുതിച്ചുചാടിയത്. വെർട്ടിക്കൽ ഗേറ്റ് തുറക്കുന്പോൾ ഡാമിലെ ആകെ വെള്ളത്തിന്റെസമ്മർദമാണ് അവിടേക്കെത്തുക.
ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ റേഡിയൽ ഗേറ്റുകൾ അഞ്ചും ഇതുപോലെ തുറന്നിരിക്കുന്നതും ചരിത്രത്തിലാദ്യമാണ്. 1992 ഒക്ടോബർ 12 മുതൽ 16 വരെ മൂന്നു ഷട്ടറുകൾ തുറന്നുവച്ചിട്ടുണ്ട്.
1992 നവംബർ 17നാണ് അഞ്ചുഷട്ടറുകളും ആദ്യമായി തുറന്നത്. 17ന് രാത്രിയിലായിരുന്നു അഞ്ചാമത്തെ ഷട്ടർ (ഗേറ്റ) തുറന്നത്. അന്നും ചെറുതോണി പാലത്തിൽ വെള്ളംകയറി. രാവിലെ നാലു ഷട്ടറുകളും താഴ്ത്തുകയും ചെയ്തു. അഞ്ചു ഷട്ടറുകളും തുറന്നിട്ട് ഇപ്പോൾ 36 മണിക്കൂർ കഴിയുകയാണ്.
ജലനിരപ്പ് താഴുന്നു; അതീവജാഗ്രതാ മുന്നറിയിപ്പ് തുടരുന്നു
ചെറുതോണി: ഇടുക്കി പദ്ധതിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. പെരിയാറിലേക്ക് വെള്ളമൊഴുകി എത്തുന്ന മറ്റു കൈത്തോടുകളിലെ നീരൊഴുക്കിൽ കുറവുണ്ടായതിനെത്തുടർന്ന് പെരിയാറിലെ ഒഴുക്കും കുറഞ്ഞിട്ടുണ്ട്.
ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഒന്നരമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ ജലമാണ് പുറത്തേക്കൊഴുകുന്നത്. ഇന്നലെ പകലും രാത്രിയും ഇതേ നില തുടർന്നിരുന്നു. കൂടിയതോതിൽ വെള്ളം തുറന്നുവിടുകയും പദ്ധതി പ്രദേശത്ത് മഴ കുറയുകയും ചെയ്തതിനാലാണ് അണക്കെട്ടിലെ ജലനിരപ്പ് കുറയാൻ തുടങ്ങിയത്. ജലനിരപ്പ് താഴ്ന്നുതുടങ്ങിയപ്പോഴും ഷട്ടറുകൾ അതേ നിലയിൽതന്നെ തുറന്നുവച്ചിരുന്നു.
ഇന്നലെ വൈകുന്നേരം ആറിനവസാനിച്ച 13 മണിക്കൂർകൊണ്ടാണ് അണക്കെട്ടിലെ ജലനിരപ്പ് 1.36 അടി കുറഞ്ഞ് 2400.40 അടിയായി. ചെറുതോണി പാലത്തിനു മുകളിലൂടെ ഇപ്പോഴും വെള്ളമൊഴുക്ക് തുടരുകയാണ്. ഇതുമൂലം ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിച്ചിട്ടില്ല.മഴ കുറഞ്ഞതിനാൽ അണക്കെട്ടിലെ ജലനിരപ്പ് വേഗം ക്രമീകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വൈദ്യുതിവകുപ്പും. തീരദേശവാസികൾക്കുള്ള അതീവജാഗ്രതാ മുന്നറിയിപ്പ് തുടരുകയാണ്.
ഇടുക്കി ഡാമിൽ ഇന്നലെ
രാവിലെ 8ന് 2401.04 അടി
ഒഴുകി എത്തിയത് സെക്കൻഡിൽ 5.74 ലക്ഷം ലിറ്റർ.
വൈദ്യുതി ഉത്പാദിപ്പിച്ചത് 1.15ലക്ഷം ലിറ്റർ.
പുറത്തേക്ക് ഒഴുകിയത് സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ.
9ന് ജലനിരപ്പ് 2401.00 അടി.
ഒഴുകി എത്തിയത് 6.72 ലക്ഷം ലിറ്റർ.
10 ന് 2400.92 അടി വെള്ളം.
ഒഴുകി എത്തിയത് 4.76 ലക്ഷം ലിറ്റർ.
11ന് ജലനിരപ്പ് 2400.88 അടി
ഒഴുകി എത്തിയത് 6.74 ലക്ഷം ലിറ്റർ.
1.94 ലക്ഷം ലിറ്റർ വെള്ളം അണക്കെട്ടിൽ കുറഞ്ഞു.
12ന് ജലനിരപ്പ് 2400.80 അടി.
ഒഴുകി എത്തിയത് 4.78 ലക്ഷം ലിറ്റർ.
3.87 ലക്ഷം ലിറ്റർ വെള്ളം അണക്കെട്ടിൽ കുറഞ്ഞു.
ഒന്നിന് ജലനിരപ്പ് 2400.72 അടി.
ഒഴുകി എത്തിയത് 4.79 ലക്ഷം ലിറ്റർ.
രണ്ടിന് ജലനിരപ്പ് 2400.68 അടി.
ഒഴുകി എത്തിയത് 6.71 ലക്ഷം ലിറ്റർ.
മൂന്നിന് ജലനിരപ്പ് 2400.68 അടി.
ഒഴുകി എത്തിയത് 4.77 ലക്ഷം ലിറ്റർ.
നാലിന് ജലനിരപ്പ് 2400.48 അടി.
ഒഴുകി എത്തിയത് 6.69 ലക്ഷം ലിറ്റർ.
അഞ്ചിന് ജലനിരപ്പ് 2400.48 അടി.
ഒഴുകി എത്തിയത് 6.69 ലക്ഷം ലിറ്റർ.
ആറിന് ജലനിരപ്പ് 2400.40 അടി.
ഒഴുകി എത്തിയത് 4.79 ലക്ഷം ലിറ്റർ.
ഏഴിന് ജലനിരപ്പ് 2400.32 അടി.
ഒഴുകി എത്തിയത് സെക്കൻഡിൽ 4.77ലക്ഷം ലിറ്റർ.
വൈദ്യുതി ഉത്പാദിപ്പിച്ചത് സെക്കൻഡിൽ
1.14 ലക്ഷം ലിറ്റർ.
പുറത്തേക്കൊഴുകിയത് സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ.
കെ.എസ്. ഫ്രാൻസിസ്