തൊടുപുഴ: ഇടുക്കി അണക്കെട്ടിൽനിന്നു 44 മണിക്കൂറിൽ തുറന്നുവിട്ടതു 31 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.32 നാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിത്തുടങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ന് അഞ്ച് ഷട്ടറുകളും ഉയർത്തി. ശനിയാഴ്ച രാവിലെ ഏഴുവരെ 5.2652 കോടി ക്യുബിക് മീറ്റർ (5265.2 കോടി ലിറ്റർ) വെള്ളമാണ് പെരിയാറ്റിലേക്ക് ഒഴുക്കിയത്. 7.67 കോടി യൂണിറ്റ് വൈദ്യുതി ഇത്രയും വെള്ളം കൊണ്ട് ഉത്പാദിപ്പിക്കാം. യൂണിറ്റിനു നാലു രൂപവച്ച് 30.68 കോടിരൂപയുടെ വൈദ്യുതി.
9.7 കോടി യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. മൂലമറ്റം പവർ ഹൗസിൽ 1.5 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നീരൊഴുക്കിൽ ചെറിയൊരു കുറവുമാത്രമാണ് ഉണ്ടായിരിക്കുന്നത്. സെക്കൻഡിൽ 4.78 ലക്ഷം ലിറ്റർ (സെക്കൻഡിൽ 478 ക്യുബിക് മീറ്റർ) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
തുറന്ന അഞ്ചു ഷട്ടറുകൾ വഴി സെക്കൻഡിൽ 7.5 ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് വിടുന്നു. 1.15 ലക്ഷം ലിറ്റർ വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. നാലു രൂപ വച്ചു കണക്കുകൂട്ടിയാൽ ഓരോ ദിവസവും ആറുകോടി രൂപയുടെ വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തു കൊണ്ടിരിക്കേ മൂലമറ്റം വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം പരമാവധി ശേഷിക്കടുത്താണ്. ജലനിരപ്പ് കുറയ്ക്കാൻ ജനറേഷൻ വിഭാഗം തീവ്രശ്രമത്തിലാണ്. നിലയത്തിൽ 130 മെഗാവാട്ട് ശേഷിയുടെ ആറു ജനറേറ്ററുകളാണുള്ളത്.
ഇതിൽ മൂന്നാം നന്പർ ജനറേറ്റർ നവീകരണത്തിലായതിനാൽ അഞ്ചു ജനറേറ്ററുകളാണു പ്രവർത്തിക്കുന്നത്. ഇവ 24മണിക്കൂറും പ്രവർത്തിച്ചാൽ 156 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാൻ കഴിയുക. ഒന്നാം നന്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണിക്കായി നിർത്തി വച്ചിരുന്നു. മഴ ശക്തിപ്രാപിക്കുകയും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് അനിയന്ത്രിതമായി വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉത്പാദനത്തിനായി പെട്ടെന്നു സജ്ജമാക്കുകയായിരുന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വീണ്ടും കുറഞ്ഞു. മഴ കുറഞ്ഞു നീരൊഴുക്ക് കുറയുന്നതാണ് കാരണം. ജലനിരപ്പ് നിയന്ത്രിതമായാലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് മൂലം ഷട്ടർ ഉടനേ അടയ്ക്കില്ല. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 2400.36 അടിയിലേക്കു താഴ്ന്നു. വെള്ളിയാഴ്ച രാത്രി ഇതു 2401നു മുകളിലെത്തിയിരുന്നു.
ജോണ്സണ് വേങ്ങത്തടം