അടുത്ത കാലങ്ങളിലൊന്നും കാണാത്തത്ര തീവ്രമായ ദുരന്തമാണ് ഏതാനും മാസങ്ങളായി കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. അനേകം ജീവനുകളും ജീവിതങ്ങളും പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ടു. ഇനിയെന്ത് എന്ന ചിന്തയില്‍ വിലപിക്കുന്നവരാണധികവും.
എന്തുകൊണ്ട് ഇത്തവണ കാലവര്‍ഷം അത്രയ്ക്ക് തീവ്രമായി എന്തുകൊണ്ട് പ്രകൃതി ഇത്തരത്തില്‍ കോപാകുലയായി എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിവിധയിടങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്.
ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്ഗില്‍ നല്കുന്ന വിശദീകരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തിലെ പ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി മനുഷ്യര്‍ വിളിച്ചു വരുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്. വലിയ പേമാരിയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണ്. മഴ പെയ്യുന്നത് മാത്രമല്ല ഇതിന് കാരണം. ദുരന്തത്തിന് കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ്. വിശദമായ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ നല്‍കിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ ഒന്നും നടപ്പായില്ല.’ ഗാഡ്ഗില്‍ പറയുന്നു.
റിപ്പോര്‍ട്ട് നടപ്പിലാക്കിയിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലായിരുന്നു എന്നൊന്നും അവകാശപ്പെടുന്നില്ല. എന്നാല്‍ ദുരന്തത്തിന്റെ വ്യാപ്തി തീര്‍ച്ചയായും കുറയ്ക്കാമായിരുന്നു. ഇക്കാലത്തിനിടയില്‍ കയ്യേറ്റം കുത്തനെ വര്‍ധിച്ചു. ജലാശയങ്ങളും ഭൂഗര്‍ഭജലം സംരക്ഷിക്കേണ്ട തണ്ണീര്‍ത്തടങ്ങളും കയ്യേറ്റം ചെയ്യപ്പെടുന്നു. അതുകൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് ഗുരുതരമായി മാറി. മണ്ണിടിച്ചിലിന് പാറമടകള്‍ കാരണമായി.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ഉദ്യോഗസ്ഥരും സാമ്പത്തിക താല്പര്യത്തിനായി കൈകോര്‍ത്തു. അവരാണ് യഥാര്‍ത്ഥ ഉത്തരവാദികള്‍. സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ലളിതമായി പറയാനാകില്ല. സ്ഥാപിത താല്പര്യങ്ങള് ഉള്ളവര്‍ ഒന്നിച്ചു. അവരാണ് ഈ ദുരന്തത്തിന് കാരണക്കാര്‍. ജനങ്ങള്‍ ഇക്കാര്യം പരിശോധിക്കണം.
ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള രാജ്യങ്ങള്‍ സാമ്പത്തികമായി പോലും വികസിച്ചിട്ടുണ്ട്. ജനങ്ങളെ കൂടി ഉള്‍പ്പെടുത്തിയുള്ള പരിസ്ഥിതി സംരക്ഷണം നടക്കുന്നില്ല. ജനങ്ങള്‍ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടതെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ക്കുന്നു.