തൃപ്പൂണിത്തുറ: അത്തം ഘോഷയാത്രയോടനുബന്ധിച്ച് ബുധനാഴ്ച്ച രാവിലെ 8 മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പോലീസ്. കോട്ടയം, വൈക്കം, പൂത്തോട്ട ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന സർവീസ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കണ്ണൻ കുളങ്ങരയിൽ നിന്നും മിനി ബൈപാസ് റോഡ് വഴി തിരിച്ചുവിടും.
ചോറ്റാനിക്കര, മൂവാറ്റുപ്പുഴ തുടങ്ങിയ ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങൾ കരിങ്ങാച്ചിറ ജംഗ്ഷനിൽ നിന്നും പുതിയ റോഡ് കാക്കനാട് വഴി പോകണം.ഘോഷയാത്ര ആരംഭിച്ച് കഴിഞ്ഞാൽ എറണാകുളത്തുനിന്നും മൂവാറ്റുപുഴ ,ചോറ്റാനിക്കര, കോട്ടയം, വൈക്കം, പൂത്തോട്ട ഭാഗങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും പേട്ട ജംഗ്ഷനിൽനിന്ന് ഗാന്ധിസ്ക്വയർ, മിനി ബൈപാസ് കണ്ണൻകുളങ്ങര വഴി തിരിഞ്ഞു പോകേണ്ടതാണ് .
രാവിലെ 8 മണി മുതൽ ഘോഷയാത്ര അവസാനിക്കുന്നത് വരെ നഗരത്തിലേക്ക് ടിപ്പർ ലോറികൾക്ക് പ്രവേശനമില്ല. ഘോഷയാത്ര കടന്ന് പോകുന്ന വഴികളിൽ പാർക്കിംഗ് കർശനമായി നിരോധിച്ചിട്ടുള്ളതുമാണ്.
സംസ്കൃത കോളജിന്റെ ഗ്രൗണ്ടിന് കിഴക്ക് വശം, ഗേൾസ് ഹൈസ്ക്കൂൾ ഗ്രൗണ്ട്, എൻഎസ്എസ് സ്കൂൾ ഗ്രൗണ്ട്, കരിങ്ങാച്ചിറ പള്ളി ഗ്രൗണ്ട്, സീപോർട്ട് എയർപോർട്ട് റോഡ്, റിഫൈനറി റോഡ്, ആർഎൽവി പഴയ കോളജ്, ശ്രീ പൂർണത്രയീശ ക്ഷേത്രത്തിന്റെ ഊട്ടുപുര സ്ഥലം, ശ്രീ വെങ്കട്ടേശ്വര ഹൈസ്കൂൾ ഗ്രൗണ്ട് എന്നീ സ്ഥലങ്ങളിൽ വാഹന പാർക്കിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണെന്നും കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് പോലീസ് അറിയിച്ചു.