ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷം രാവിലെ ആറരയോടെ തുടങ്ങി. കിഴക്കേനടയിൽ വിവാഹ മണ്ഡപത്തിന് സമീപം എത്തിച്ച കതിർക്കറ്റകൾ അവകാശികളായ അഴീക്കൽ, മനയം കുടുംബങ്ങളിലെ അംഗങ്ങൾ തലയിലേറ്റി കിഴക്കേ ഗോപുരത്തിൽ അരിമാവണിഞ്ഞ നാക്കിലയിൽ സമർപ്പിച്ചു.
ക്ഷേത്രം കീഴ്ശാന്തി കീഴേടം രാമൻ നന്പൂതിരി തീർത്ഥം തളിച്ച് കതിർകറ്റകൾ ശുദ്ധിവരുത്തി. ഉരുളിയിൽ സമർപ്പിച്ച ആദ്യ കതിർ കറ്റ ശാന്തിയേറ്റ കീഴ്ശാന്തി വേങ്ങേരി അനിലേഷ് നന്പൂതിരി ശിരസിലേറ്റി. കുത്തുവിളക്കുമായി പാരന്പര്യ അവകാശി പുതിയേടത്ത് ആനന്ദൻ അകന്പടിയായി. ബാക്കിയുള്ള കതിർ കറ്റകൾ ഗുരുവായൂർ ക്ഷേത്രത്തിലെ 13 കീഴ്ശാന്തി ഇല്ലങ്ങളിലെ നന്പൂതിരിമാർ ശിരസിലേറ്റി നിരനിരയായി ക്ഷേത്ര പ്രദക്ഷിണം ചെയ്തു.
ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം കതിർ കറ്റകൾ നാലന്പലത്തിലെ നമസ്കാരമണ്ഡപത്തിലെത്തിച്ചു. തുടർന്ന് ക്ഷേത്രം തന്ത്രി ചേന്നാസ് ഹരി നന്പൂതിരിപ്പാടിന്റെ സാനിധ്യത്തിൽ മേൽശാന്തി മുന്നൂലം ഭവൻ നന്പൂതിരി കതിർ കറ്റകളിൽ ലക്ഷ്മീപൂജ നടത്തി. ഒരു കതിർകറ്റ ഉരുളിയിലാക്കി ശിരസിലേറ്റി ശ്രീകോവിലിനുള്ളിൽ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു. ശേഷം കതിർകറ്റകൾ പട്ടിൽ പൊതിഞ്ഞ് ശ്രീലകത്ത് നിറച്ചു. ഉപദേവന്മാരുടെ ശ്രീകോവിലിലും ദേവസ്വം ഓഫീസിലും നിറച്ചു. കതിരുകൾ ഭക്തർക്ക് വിതരണം ചെയ്തു.
ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്,ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നന്പൂതിരിപ്പാട്,എ.വി.പ്രശാന്ത്,പി.ഗോപിനാഥൻ,എം.വിജയൻ,കെ.കെ.രാമചന്ദ്രൻ,ഉഴമലക്കൽ വേണുഗോപാൽ അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.ശങ്കുണ്ണി രാജ്് എന്നിവർ സംബന്ധിച്ചു.നിറയോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്കനുഭവപ്പെട്ടു.
കുന്നംകുളത്ത്കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഇല്ലംനിറയും തൃപ്പുത്തരിയും വിപുലമായ പരിപാടികളോടെ ഇന്നലെ ആലോഷിച്ചു. രാവിലെ 8.30 ന് ഇല്ലം നിറ ചടങ്ങുകൾ ആരംഭിച്ചു. കതിർക്കറ്റകൾ എടുത്ത് ക്ഷേത്ര പ്രദക്ഷിണം നടത്തിയ ശേഷം കതിരുകൾ പൂജക്ക് വെച്ചു. തുടർന്ന് പൂജിച്ച നെൽക്കതിർ ഭക്തർക്ക് വിതരണം ചെയ്തു.
ഉച്ചപൂജക്ക് തൃപ്പുത്തരി പായസ നിവേദ്യവും ഉണ്ടായിരുന്നു.. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നന്പൂതിരി, ക്ഷേത്രം മേൽശാന്തി മുല്ലനഴി ദിലീപൻ നന്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. ക്ഷേത്രത്തിലെ ആനയൂട്ട്, ഗജപൂജ ചടങ്ങുകൾ വ്യാഴാഴ്ച നടക്കും.
രാവിലെ അഞ്ചരക്ക് 1008 നാളികേരം കൊണ്ട് പ്രത്യക്ഷ മഹാഗണപതി ഹോമം ഉണ്ടാകും. രാവിലെ ഏഴിന് ഗജപൂജയും തുടർന്ന് ആനകൾക്ക് ഉൗട്ടും നല്കും. പത്തോളം ആനകൾ ഉൗട്ടിൽ പങ്കെടുക്കും. ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് ഐനിപ്പുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് , കമ്മിറ്റി അംഗങ്ങളായ മണികണ്ഠൻ, പരമേശ്വരൻ, സജീവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കുന്നു.