വടക്കഞ്ചേരി: തോരാത്ത മഴയെ തുടർന്നു കീടബാധ പടർന്ന് മലയോരമേഖലയിൽ കുരുമുളക് തോട്ടങ്ങൾ നശിക്കുന്നു. പച്ചപ്പുനിറഞ്ഞ കുരുമുളക് വള്ളികളിൽ ദിവസങ്ങൾക്കുള്ളിലാണ് രോഗം പടരുന്നത്. ഇലകൾ പഴുക്കുന്നതാണ് പ്രധാനലക്ഷണം. ഇതിനൊപ്പം മുളകുതിരികളും കൊഴിയും.
തിരിയിട്ട് കുരുമുളക് ഉണ്ടാകുന്ന സമയമായതിനാൽ കീടബാധ കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുകയാണ്.
റബർമരങ്ങൾക്കുണ്ടാകുന്ന വൈറസ് രോഗംപോലെയാണ് മുളകുകൊടികളിലും രോഗലക്ഷണങ്ങൾ കാണുന്നതെന്ന് കടപ്പാറയിലെ മുളക് കർഷകനായ കൊട്ടാരത്തിൽ ജയിംസ് പറഞ്ഞു.
വെളിച്ചം വരാത്തവിധം അന്തരീക്ഷം മൂടിക്കെട്ടിയ നിലയിൽ തുടരുന്നതിനാൽ കീടബാധയ്ക്കെതിരേ എന്തെങ്കിലും പ്രതിരോധമരുന്ന് തളിക്കാനും കർഷകർക്കു കഴിയാത്ത സ്ഥിതിയാണ്. തോരാത്ത മഴ മുളകിന്റെ വേരുചീയലിനും കാരണമാകുന്നുണ്ടെന്ന് പാലക്കുഴിയിലെ ജോസ് പറഞ്ഞു.
വെള്ളം കെട്ടിനില്ക്കുന്ന നിരപ്പായ സ്ഥലങ്ങളിലാണ് രോഗം കൂടുതലുള്ളത്. ചെരിഞ്ഞ പ്രതലത്തിലെ മുളകുതോട്ടങ്ങളിൽ രോഗവ്യാപനത്തിനു കുറവുണ്ട്. ഇലകരിച്ചിൽ, ദ്രുതവാട്ടം തുടങ്ങിയ രോഗങ്ങളും പടരുന്നുണ്ട്.വെയിലടിക്കാത്തവിധം മഴ തുടർന്നാൽ അത് കുരുമുളക് കൃഷിക്ക് വൻ പ്രഹരമാകും. റബറിന്റെ വിലക്കുറവിൽ കുരുമുളക് കൃഷിയിലാണ് കർഷകരുടെ പ്രതീക്ഷ.
പാലക്കുഴിപോലെയുള്ള മലന്പ്രദേശങ്ങളിൽ കുരുമുളക് ഇല്ലാത്ത വീടില്ല. ഇതിനാൽ കുരുമുളകിന് തിരിയിടുന്പോൾ വരുമാനത്തിന്റെ പ്രതീക്ഷകൾക്കും മലയോരവാസികൾ മനക്കോട്ട കെട്ടും. പക്ഷേ അപ്രതീക്ഷിതമായ ഇത്തരം കെടുതികൾ കർഷകർക്ക് താങ്ങാനാകില്ല.