സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പറ്റി നിങ്ങള്‍ക്ക് മോശം അഭിപ്രായമാണോ? എങ്കില്‍ നിങ്ങള്‍ ഒരിക്കലെങ്കിലും മഴ ദുരിതത്തില്‍ വലയുന്നവരെ പാര്‍പ്പിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഒന്നു വരണം. ഒരു ജനതയുടെ കണ്ണീരൊപ്പുന്നതിന് സര്‍ക്കാര്‍ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നത് കാണാം.
ഓരോ ക്യാമ്പിന്റെയും ചാര്‍ജ് വഹിക്കുന്നത് വില്ലേജ് ഓഫീസര്‍മാരാണ്. ആ പ്രദേശത്ത് അപകടത്തില്‍പ്പെട്ടവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് മുതല്‍ ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനു വരെ നേതൃത്വം നല്‍കുന്നത് വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ്. വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസും ജനപ്രതിനിധികളും ഒരാഴ്ചയായി ഓടി നടക്കുകയാണ്.
ഇടുക്കിയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എം.എം. മണിയാണ് നേതൃത്വം നല്‍കുന്നത്. ഒപ്പം വലിയ പിന്തുണയുമായി എംഎല്‍എ റോഷി അഗസ്റ്റിനുമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി റോഷി അഗസ്റ്റിനും മണിയും വിശ്രമത്തിനായി മടങ്ങുന്നത് പാതിരാത്രിയാണ്. പലപ്പോഴും പുലര്‍ച്ചെ നടക്കുന്ന മീറ്റിംഗിനായി ഇരുവരും എത്തുകയും ചെയ്യുന്നു.
രക്ഷാപ്രവര്‍ത്തനത്തിനും മറ്റു സഹായങ്ങള്‍ക്കുമായി സമീപത്തെ ജനങ്ങളുടെ വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. ഭക്ഷണം ഉണ്ടാക്കുന്നതിനും ഒറ്റപ്പെട്ടുപോയവരെ ക്യാമ്പിലെത്തിക്കാനും സമീപവാസികള്‍ നിറഞ്ഞ മനസോടെ രംഗത്തെത്തുന്നു. ഒറ്റപ്പെട്ടു പോയ വളര്‍ത്തു മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും നാട്ടുകാര്‍ ഒറ്റക്കെട്ടാണ്.