ഓസ്ലോ: പ്രധാനമന്ത്രി എർന സോൾബെർഗിനെ അറിയിക്കാതെ ഇറാനിൽ കാമുകിക്കൊപ്പം ഒഴിവുകാലം ചെലവഴിച്ചതിന്റെ പേരിൽ പ്രതികൂട്ടിലായ നോർവേ മന്ത്രി രാജിവെച്ചു. ജൂലൈയിൽ മുൻ ബ്യൂട്ടി ക്വീൻ ബഹെരെ ലെറ്റ്നെസിനൊപ്പം അവധിക്കാലം ആസ്വദിച്ച ഫിഷറീസ് മന്ത്രി പെർ സാൻഡ്ബെർഗാണ് രാജിവെച്ചത്.
ഇറാനിലേക്ക് ഔദ്യോഗിക ഫോൺ കൊണ്ടുപോയ മന്ത്രി സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.ഔദ്യോഗിക ഫോൺ കയ്യിൽ കരുതിയ സാൻഡ്ബെർഗ് ഇറാനിയൻ ചാരന്മാർക്ക് പണി എളുപ്പമാക്കിയെന്നാണ് നോർവേ സർക്കാരിന്റെ വിലയിരുത്തൽ.
ഇതോടെ സ്വയം രാജിവെച്ചൊഴിയാൻ നോർവെ പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു. സാൻഡ്ബെർഗിന്റെ ഫോൺ സുരക്ഷാ പരിശോധനകൾക്കായി പോലീസ് കൈമാറണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രോഗ്രസ് പാർട്ടിയുടെ ഡെപ്യൂട്ടി നേതൃസ്ഥാനവും സാൻഡ്ബെർഗ് ഒഴിഞ്ഞു.
നോർവെയിൽ സ്ഥിരതാമസമാക്കിയ ലെറ്റ്നെസ് മത്സ്യ കയറ്റുമതി വ്യാപാരി കൂടിയാണ്. ലെറ്റ്നെസിന്റെ നീക്കങ്ങൾ നോർവിയൻ രഹസ്യവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.