വൈക്കം: വൈക്കം-ചേർത്തല താലൂക്കുകളെ ബന്ധിപ്പിച്ച് വേന്പനാട്ടു കായലിനു കുറുകെ നേരേകടവ് – മാക്കേക്കടവ് ഫെറിയിൽ നിർമ്മിക്കുന്ന കായൽ പാലത്തിന്റെയും അപ്രോച്ചു റോഡിന്റെയും നിർമ്മാണത്തിലെ സ്തംഭനാവസ്ഥ നീക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ്പ്രക്ഷോഭമാരംഭിക്കുന്നു. വൈക്കത്തിന്റെ വികസന പിന്നോക്കാവസ്ഥ മാറ്റാൻ ഉപകരിക്കുന്ന കായൽ പാലത്തിന്റെ നിർമാണം ഇഴയുന്നത് സർക്കാർ ഗൗരവപൂർവം ഇടപെടാത്തതു കൊണ്ടാണെന്നാരോപിച്ച ഉദയനാപുരം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി 18 ന് വൈകുന്നേരം നാലിന് നേരേ കടവിൽ പ്രതിശഷേധധർണ നടത്തും.
ധർണ മുൻ മുഖ്യമന്ത്രിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. രണ്ടു വർഷ കാലാവധിയിൽ പുർത്തിയാക്കാൻ കരാർ ഒപ്പിട്ട പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം നേരേ കടവിലേയും മാക്കേക്കടവിലേയും സ്ഥല ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്ഥല ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുകയായിരുന്നു.
വീടുകളും വ്യാപാര സ്ഥാപനങ്ങളും പൊളിച്ചുനീക്കേണ്ടി വരുന്ന പേരിനു മാത്രം സ്ഥലമുള്ളവർക്ക് 2013ലെ പുനരധിവാസ പാക്കേജ് അനുസരിച്ച് നഷ്ടപരിഹാരം വേണമെന്നാണ് സ്ഥല ഉടമകളുടെ ആവശ്യം. മാക്കേക്കടവിൽ കായലും കരയും ചേരുന്ന ഭാഗത്തെ തൂണുകളുടെ പണി സ്ഥല ഉടമകളുടെ അനുമതി കിട്ടാത്തതിനാൽ തുടങ്ങാനായിട്ടില്ല.
പാലം നിർമ്മിക്കുന്നതിന്റെ സമീപ സ്ഥലത്തു തന്നെ ബീമുകളും മറ്റും വാർത്ത് ഘടിപ്പിക്കുന്നതിനുള്ള സാങ്കേതിക മികവ് പാലം കരാറേറ്റെടുത്ത കണ്സ്ട്രക്ഷൻ ഗ്രൂപ്പിനുണ്ടെങ്കിലും മക്കേടവ് ജെട്ടിക്ക് സമീ സമീപം വാർക്കുന്നതിനും മറ്റും പ്ലാറ്റ്ഫോമൊരുക്കുന്പോൾ ജനങ്ങൾക്ക് ഗതാഗത തടസമില്ലാതെ പോകാൻ പറ്റാത്തതും നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
ഉദയനാപുരം മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് വി.ബിൻസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ധർണ സമരത്തിൽ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അക്കരപ്പടം ശശി, മോഹൻ ഡി. ബാബു, വി.സന്പത്ത് കുമാർ, പി.ഡി.ജോർജ്, വി.എസ്.ഷാജി, കെ.കെ.ചന്ദ്രൻ ,കെ.വി.ചിത്രാംഗദൻ, കെ.എസ്.സജീവ്, കെ.എസ്.ബിജു, മായാഷിബു തുടങ്ങിയവർ പ്രസംഗിക്കും.