കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാത്രിയോടെ 136 അടി പിന്നിട്ടു. 136.4അടിയാണ് ഇന്ന് പുലർച്ചെയുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്നാട് കേരളത്തിന് ആദ്യത്തെ ജാഗ്രതാ നിർദേശം നൽകി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് വേഗത്തിൽ ഉയരും.
സെക്കൻഡിൽ 4419.44 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. സെക്കൻഡിൽ 2086 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നു. അണക്കെട്ട് പ്രദേശത്ത് 51.4 മില്ലീമീറ്ററും തേക്കടിയിൽ 21.2 മില്ലീമീറ്ററും മഴ ലഭിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ വനമേഖലയിൽ ശക്തമായ മഴ ഇന്നും ഉണ്ട്.
വനത്തിൽ ഉരുൾ പൊട്ടൽ ഉണ്ടായാൽ ജലനിരപ്പ് പെട്ടെന്ന് ഉയരും.142 അടിയാണ് അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ്.മുല്ലപ്പെരിയാറിൽ നിന്നും സ്പിൽവേ ഷട്ടറുകളിലൂടെ ജലം പുറം തള്ളണമെങ്കിൽ ജലനിരപ്പ് 136 അടി പിന്നിടണം.136 അടിയിൽ സ്പിൽവേയുടെ ചുവട് ഭാഗം ക്രമീകരിച്ചിരിക്കുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ 136 അടിക്ക് താഴെ ജലനിരപ്പെത്തിക്കുവാനോ ജലം തുറന്ന് വിടാനോ അണക്കെട്ടിൽ സംവിധാനമില്ല. മുല്ലപ്പെരിയാറ്റിലെ അധികജലം പെരിയാറ്റിലൂടെ ഇടുക്കി അണക്കെട്ടിലാണെത്തുക.