പത്തനംതിട്ട: നിറപുത്തരി മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്നു തുറക്കുമെങ്കിലും പന്പയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭക്തരുടെ യാത്ര ഒഴിവാക്കാനുള്ള നിർദേശവുമായി ദേവസ്വം ബോർഡ്.പന്പയിൽ ജലം നിറഞ്ഞുകിടക്കുന്നതിനാൽ സന്നിധാനത്തേക്കുള്ള യാത്ര തടസപ്പെട്ടിരിക്കുകയാണ്.
പന്പ, കക്കി ഡാമുകളുടെ ഷട്ടറുകൾ തുറന്ന് കൂടുതൽ ജലം ഒഴുക്കിവിടുന്നതുമൂലം ജലനിരപ്പ് നിയന്ത്രണവിധേയമായിട്ടില്ലാത്തതിനാൽ പമ്പയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടവും പോലീസും രംഗത്തെത്തി.
അയപ്പഭക്തര്‍ ശബരിമല അയ്യപ്പ ദര്‍ശനത്തിനും നിറപുത്തരി പൂജകള്‍ തൊഴാനുമായി വരുന്നത് തത്കാലം ഒഴിവാക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചിട്ടുള്ളത്. പമ്പാനദി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ അയ്യപ്പഭക്തര്‍ക്ക് നദി കടന്നു പോകാന്‍ ആവില്ല. അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്.
പമ്പയിലെ കടകളിലും മണ്ഡപത്തിലും വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നദി കടന്ന് അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകാന്‍ സാധിക്കില്ല. മുന്‍കരുതല്‍ നടപടിയായും ദുരന്തങ്ങള്‍ ഒഴിവാക്കാനുമായാണ് അയ്യപ്പഭക്തരോട് ജലനിരപ്പ് താഴുന്നതു വരെ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. പമ്പാനദിയില്‍ ജലനിരപ്പ് കൂടുന്നതല്ലാതെ കുറയുന്നില്ല. അപകടകരമാം വിധം ഒഴുക്ക് പമ്പാനദിയില്‍ ഉണ്ട്.
പന്പയിൽ വെള്ളം കയറി വ്യാപകമായി ചെളിയും രൂപപ്പെട്ടിട്ടുണ്ട്. അപകടകരമായ രീതിയിൽ കുഴികളും രൂപപ്പെട്ടു. ജലവിതരണവും വൈദ്യുതിവിതരണവും തടസപ്പെട്ടിരിക്കുകയാണ്. ട്രാൻസ്ഫോർമർ അടക്കം മുങ്ങിക്കിടക്കുന്നതിനാൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല.
ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി പമ്പയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പമ്പയില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചും, വടം കെട്ടിയും, അപകട മുന്നറിയിപ്പ് നല്‍കിയും അയ്യപ്പഭക്തര്‍ക്ക് സ്ഥിതിഗതികള്‍ കൈമാറാന്‍ സജ്ജവുമാക്കിയിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിച്ച് പമ്പയില്‍ എത്തുന്നവരെ തിരിച്ചയയ്ക്കാനും പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്നു വൈകുന്നേരംഅഞ്ചിനാണ് തുറക്കുന്നത്. 15ന് ആറിനും 6.30 നും മധ്യേയാണ് നിറപുറത്തരി പൂജ.അച്ചന്‍കോവിലില്‍ ദേവസ്വം ബോര്‍ഡിന്റെ കൃഷി ഭുമിയില്‍ നിന്ന് കൊണ്ടുവരുന്ന നെല്ക്കതിര് കുലകളാണ് ക്ഷേത്ര ശ്രീകോവിലില്‍ പൂജ നടത്തുന്നത്.
നിറപുത്തരി പൂജയ്ക്കു ശേഷം നെൽക്കതിർ അയ്യപ്പഭക്തര്‍ക്ക് വിതരണം ചെയ്യും.15 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി 16ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. തുടര്‍ന്ന് അഞ്ച് ദിവസം ക്ഷേത്രത്തില്‍ പതിവ് പൂജകളും നെയ്യഭിഷേകവും നടക്കും. 21 ന് രാത്രി നട അടയ്ക്കും.