റ്റി.സി. മാത്യു
അവര്‍ വീണ്ടും ഇറങ്ങി. ഡോ. മാധവ് ഗാഡ്ഗിലും അനുചരവൃന്ദവും. സംസ്ഥാനത്തെ പ്രളയക്കെടുതിയും അനുബന്ധദുരിതങ്ങളും അവസരമാക്കി വീണ്ടും ഇറങ്ങി. ഇത്ര വലിയ പ്രളയവും ദുരിതവും ഉണ്ടായത് താന്‍ തയാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കാത്തതുകൊണ്ടാണെന്നു ഡോ. മാധവ് ഗാഡ്ഗില്‍ പറയുന്നു. അതു നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തം ഇത്രയും വരുമായിരുന്നില്ലത്രെ. ക്വാറികള്‍ ഉള്ളതുകൊണ്ടാണ് ഉരുള്‍പൊട്ടല്‍ എന്ന് അദ്ദേഹം പറഞ്ഞതായും ചില ചാനലുകളില്‍ കണ്ടു. വേറേ ചില വിദഗ്ധരുടെ പ്രശ്നം തീരപരിപാലന നിയമമാണ്. സിആര്‍സെഡ് നിയമങ്ങള്‍ പാലിക്കാത്തതാണത്രെ ദുരിതം വര്‍ധിപ്പിച്ചത്.
ഈ പ്രസ്താവനകള്‍ നടത്തിയവരാരും ഈ ദിവസങ്ങളില്‍ കേരളത്തില്‍ വരുകയോ പ്രളയമേഖലകള്‍ കാണുകയോ ചെയ്തിട്ടുള്ളവരല്ല. പക്ഷേ, അവരെ അന്ധമായി വിശ്വസിക്കുകയും അവര്‍ പറയുന്നതിനു വലിയ പ്രചാരം നല്‍കുകയും ചെയ്യുന്ന ഒരു മാധ്യമപ്പട ഇവിടെയുണ്ട്. പരിസ്ഥിതിയാണു വിഷയം എന്നതുകൊണ്ട് അവരെ ചോദ്യംചെയ്യരുതെന്നാണു പലരുടെയും നിലപാട്. പക്ഷേ, യാഥാര്‍ഥ്യത്തില്‍ അധിഷ്ഠിതമല്ലാത്ത പ്രസ്താവനകള്‍ ചോദ്യം ചെയ്യപ്പെടണം. വസ്തുതകളുടെ പിന്‍ബലമില്ലാത്ത വാദങ്ങള്‍ നിരാകരിക്കപ്പെടണം. അശാസ്ത്രീയമായ നിഗമനങ്ങള്‍ പാടേ തള്ളിക്കളയണം.
സംഭവിച്ചത്
കേരളത്തില്‍ എന്താണു സംഭവിച്ചത് ഇത്തവണ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തിമിര്‍ത്തു പെയ്തു. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കനുസരിച്ച് ജൂണ്‍ ഒന്നു മുതല്‍ ലഭിച്ച മഴ 191.67 സെന്റിമീറ്റര്‍. ഇതുവരെ ലഭിക്കേണ്ടതിനേക്കാള്‍ 21.35 ശതമാനം അധികം മഴ. അഞ്ചുവര്‍ഷത്തിനു ശേഷമാണ് ഈ തോതില്‍ അധികമഴ ലഭിക്കുന്നത്. സ്വാഭാവികമായും അധികമഴ ദുരന്തങ്ങളും കൊണ്ടുവന്നു. ഇത്തവണ അധികമായി സംഭവിച്ചത് ഇടുക്കി ജലസംഭരണിയില്‍ അഞ്ചു ഷട്ടറും ഉയര്‍ത്തി വെള്ളം പുറന്തള്ളേണ്ടിവന്നു എന്നതാണ്. കാലവര്‍ഷത്തില്‍ ആദ്യമാണ് ഇടുക്കി ഡാം നിറയാന്‍ പരുവത്തിലായത്.
കാരണമെന്ത്
അധികമഴ വന്നാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, നാശനഷ്ടം, താഴ്ന്ന പ്രദേശങ്ങള്‍ ദിവസങ്ങളോളം മുങ്ങിക്കിടക്കുക-ഇതെല്ലാം സാധാരണമാണ്. അതിനു കാരണക്കാരെ തേടുന്നിടത്താണു പ്രശ്നം. മഴയാണു കാരണം. മഴ കൂടി; ദുരിതം കൂടി. സ്വാഭാവികം. പക്ഷേ അത് അങ്ങനെ വിട്ടാല്‍ ചിലര്‍ക്കു ചില കാര്യങ്ങള്‍ നടക്കില്ല. അതുകൊണ്ട് അവര്‍ കാരണക്കാരെ തേടുന്നു; പ്രതികളെ കണ്ടെത്തുന്നു.
അവരാണിപ്പോള്‍ പ്രകൃതിദുരന്തത്തിന്റെ നടുവില്‍, കിടപ്പാടം പോലുമില്ലാതെ, അഭയാര്‍ഥി കേന്ദ്രങ്ങളില്‍ കഴിയുന്ന ജനങ്ങളെ, നിങ്ങളാണു പ്രതികള്‍ എന്നു വിളിക്കുന്നത്. കിഴക്കന്‍ മലയോരങ്ങളില്‍ ജീവിക്കാന്‍വേണ്ടി കയറി അപായകരമായ സ്ഥലങ്ങളില്‍ ജീവിക്കുന്ന അവരോടു സഹതപിക്കുന്നതിനു പകരം അവരെ കുറ്റവാളികളാക്കുന്നു! കടലാക്രമണമുണ്ടായി ജീവനും വീടും നഷ്ടപ്പെടുമ്പോള്‍ ഇതേ ആള്ക്കാര് പ്രതികളാക്കുന്നതു തീരവാസികളെ. തീരപരിപാലന നിയമപ്രകാരം താമസിക്കാനോ വീടു വയ്ക്കാനോ പാടില്ലാത്ത സ്ഥലത്തു കുടില്‍ കെട്ടി താമസിച്ചതു കുറ്റം!
എങ്കില്‍ അന്നോ
മലയോരങ്ങളില്‍ പ്രവേശിച്ച് അതിന്റെ ഘടന മാറ്റി. വനം വെളുപ്പിച്ചു. റോഡ് വെട്ടി. കെട്ടിടങ്ങള്‍ പണിതു. തോട്ടങ്ങള്‍ ഉണ്ടാക്കി. ചുരുക്കത്തില്‍, മനുഷ്യവാസം പ്രശ്നമാണ്. ഇതാണു ചിലര്‍ കേരളത്തില്‍ പ്രചരിപ്പിക്കുന്നത്. എങ്കില്‍ അന്നോ എന്ന ചോദ്യം ഉയരുന്നു. 96 വര്‍ഷം മുന്‍പ് 1924 (കൊല്ലവര്‍ഷം 1099 ല്‍) ജൂലൈയില്‍ കേരളം അനുഭവിച്ച പ്രകൃതിക്ഷോഭത്തിന് ആരായിരുന്നു പ്രതികള്‍ അന്നു ഹൈറേഞ്ച് കുടിയേറ്റം നടന്നിട്ടില്ല. മലബാറിന്റെയും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും കിഴക്കന്‍ മലകളിലും കുടിയേറിയിട്ടില്ല. സായ്പന്മാരുടെ ചില തോട്ടങ്ങള്‍ മാത്രം.
തൃശൂര്‍ പട്ടണത്തില്‍ വരെ വെള്ളം കയറിയ ആ പ്രളയത്തിന് ആരാണു പ്രതി കൈയേറ്റവും വനം നശീകരണവും ഒന്നും തുടങ്ങിയിട്ടില്ല. റോഡുകള്‍ നാമമാത്രം. വാഹനങ്ങളും അങ്ങനെതന്നെ. ആരാണു പ്രതി. കഴിഞ്ഞ നൂറ്റാണ്ടില്‍തന്നെ 1912, 1920, 1933, 1943, 1946, 1961, 1975, 1981 വര്‍ഷങ്ങളിലെ പ്രളയദുരിതങ്ങള്‍ക്ക് ആരാണു പ്രതി ?
മഹാപ്രളയം
കേരളത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിതന്നെ മാറ്റിമറിച്ച 1341 ലെ മഹാപ്രളയത്തിലേക്കു നയിച്ചത് എന്തായിരുന്നു. ഈ മാനുഷിക ഇടപെടല്‍ ഒന്നും ഇല്ലാതിരുന്ന കാലമല്ലേ പതിന്നാലാം നൂറ്റാണ്ട് മുസിരിസ് എന്ന തുറമുഖവും പട്ടണവും ഇല്ലാതാക്കിക്കൊണ്ടു പെരിയാര്‍ വഴിതിരിഞ്ഞ വര്‍ഷം. അതിന്റെ ഫലമായാണു കൊച്ചി അഴിമുഖം ഉണ്ടായത്. പശ്ചിമഘട്ടസംരക്ഷണത്തിന്റെ ഏതു റിപ്പോര്‍ട്ട് നടപ്പാക്കാത്തതാണ് അതിലേക്കു നയിച്ചത്
ഇതെല്ലാം ഉത്തരം ആവശ്യമായ ചോദ്യങ്ങളാണ്. കാരണം ഇപ്പോഴത്തെ പ്രളയവും ദുരിതവും ദുരന്തവും മുന്‍പില്ലാത്ത തരമാണെന്നു സമീപകാലസംഭവങ്ങളുടെ ഫലമാണെന്നുമുള്ള പ്രചാരണം അരങ്ങുതകര്‍ക്കുകയാണ്. വേണ്ടത്ര ചരിത്രമോ പശ്ചാത്തലവിവരങ്ങളോ അറിയാത്തവര്‍ ആ പ്രചാരണം വിശ്വസിക്കും.
പെയ്തിറങ്ങിയത്
മഴ അധികമായി വര്‍ഷിച്ച ചില ദിവസങ്ങളില്‍ ചില പ്രദേശങ്ങള്‍ക്കു താങ്ങാവുന്നതിലേറെ മഴ പെയ്തു. ഉദാഹരണമായി ഇടുക്കിയും ഇടമലയാറും. ഇടുക്കിയില്‍ അഞ്ചുദിവസംകൊണ്ടു പെയ്തത് 55.79 സെന്റിമീറ്റര്‍ മഴ. ഓരോ ബിന്ദുവിലും അര മീറ്ററിലേറെ മഴ. ഇടുക്കി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ 650 ചതുരശ്ര കിലോമീറ്ററില്‍ മുഴുവന്‍ ഈ മഴ ലഭിച്ചെന്നു കരുതുക. 55.79 സെന്റിമീറ്റര്‍ വച്ച് ഒരു ചതുരശ്ര കിലോമീറ്ററില്‍ മുഴുവന്‍ പെയ്താല്‍ 5.579 ലക്ഷം ക്യുബിക് മീറ്റര്‍ അഥവാ 55.79 കോടി ലിറ്റര്‍ വെള്ളം വീഴും. 650 ചതുരശ്ര കിലോമീറ്ററിലായാല് 36263.5 കോടി ലിറ്റര്‍ വെള്ളം. ഈ വെള്ളം ഇടുക്കി ജലസംഭരണിയുടെ 60 ചതുരശ്ര കിലോമീറ്ററിലേക്കു ചെല്ലുന്പോള്‍ അവിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം എത്രയാകും ആറു മീറ്ററോളം ജലനിരപ്പ് ഉയരും.
ചുരുങ്ങിയ ദിവസംകൊണ്ടു വലിയ അളവ് മഴ പെയ്താല്‍ സംഭവിക്കുന്ന കാര്യം. ഡാം പെട്ടെന്നു തുറക്കേണ്ടിവന്നു. തുറന്നുവിട്ടപ്പോള്‍ ചെറുതോണിയാറും പെരിയാറും നിറഞ്ഞു. ഇതുതന്നെയാണ് ഇടമലയാറിലും സംഭവിച്ചത്. അതിന്റെ വൃഷ്ടി പ്രദേശത്ത് അഞ്ചുദിവസം കൊണ്ടു ലഭിച്ചത് 60 സെന്റിമീറ്റര്‍ മഴയാണ്.
381 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശത്ത്നിന്ന് പതിനായിരക്കണക്കിനു കോടി ലിറ്റര്‍ വെള്ളം 28.3 ചതുരശ്ര കിലോമീറ്റര്‍ ഉള്ള സംഭരണിയിലെത്തും. പുറമേ പെരിങ്ങല്‍കുത്തില്‍ നിന്നു തുറന്നു വിടുന്നതിന്റെ ഒരു ഭാഗവും. ഇതു ഡാം പലവട്ടം തുറന്നുവിടുന്നതിനു കാരണമായി. ഈ രീതിയില്‍ വലിയ അളവ് മഴ പെയ്യാന്‍ കുടിയേറ്റക്കാരുടെ ഏതു ചെയ്തിയാണു കാരണമായത് ആരും ഉത്തരം പറയുന്നില്ല.
2012-ലും 2015 ലും 2016-ലും കാലവര്‍ഷം തീരെ കുറവായപ്പോഴും കുടിയേറ്റക്കാരുടെ നേരെയായിരുന്നു വിരല്‍ ചൂണ്ടിയത്. മഴ കുറഞ്ഞാലും കൂടിയാലും ഒരേ പ്രതി ഇതെന്തു നീതി
(തുടരും)