തൃശൂർ: പ്രാരബ്ധങ്ങളും സാന്പത്തിക ഞെരുക്കങ്ങളുമുണ്ടെങ്കിലും ഇടിക്കൂട്ടിൽനിന്നു സ്വർണവും വെങ്കലവുമായി തൃശൂരിന്റെ ചുണക്കുട്ടികൾ.ബാങ്കോക്കിൽ വേൾഡ് റൂറൽ ഗെയിംസ് ഓർഗനൈസേഷൻ നടത്തിയ ഇന്ത്യ-തായ്ലൻഡ് ഗുഡ്വിൽ ഇന്റർനാഷണൽ ബോക്സിംഗ് ചാന്പ്യൻഷിപ്പിലാണ് സീനിയർ വിഭാഗത്തിൽ തൃശൂരിൽനിന്നുള്ള താരങ്ങൾ സ്വർണവും വെങ്കലവും നേടിയത്.
75 കിലോ വിഭാഗത്തിൽ പാണഞ്ചേരി മുടിക്കോട് സ്വദേശി പി.ബി.ഗൗതം സ്വർണം നേടിയപ്പോൾ ഒല്ലൂർ സ്റ്റേഷനിലെ പോലീസുകാരനായ ഗോറസ് ജോസ് 81 കിലോ വിഭാഗത്തിലും ഒല്ലൂർ സ്വദേശി ബ്രിട്ടോ ജോസ് 91 പ്ലസ് വിഭാഗത്തിലും വെങ്കലം നേടി. കടുത്ത സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലാണ് ഇവരെ മത്സരത്തിനയച്ചതെന്നു റൂറൽ ഗെയിംസ് ഓർഗനൈസേഷൻ സെക്രട്ടറി വർഗീസ് വാഴപ്പിള്ളി പറഞ്ഞു.
വിജയികളെ ഒല്ലൂർ സ്മാർട്ടോ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.വി.പാപ്പച്ചൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് കെ.പി.സണ്ണി അധ്യക്ഷത വഹിച്ചു.
സന്തോഷ് ട്രോഫി ടോപ് സ്കോററായ എം.എസ്.ജിതിനേയും ആദരിച്ചു.
തൃശൂർ ഫിലിം ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.എസ്.അരവിന്ദാക്ഷൻ, കേരള യോഗ ആൻഡ് സ്പോർട്സ് അസോസിയേഷൻ പ്രസിഡന്റ് ടി.പി.സുരേഷ്, മുൻ സന്തോഷ് ട്രോഫി താരം കെ.ബി.ജോസ് എന്നിവർ പങ്കെടുത്തു.