കൊല്ലം : ജടായു എർത്ത്സ് സെന്ററിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് നാളെ മുതൽ തുടങ്ങും. ജടായു എർത്ത്സ് സെന്ററിലേക്കുള്ള പ്രവേശനത്തിനായുള്ള ഓൺ ലൈൻ ടിക്കറ്റ് ബുക്കിംഗ് സ്വാതന്ത്ര്യദിനമായ നാളെ ആരംഭിക്കും. www.jatayuearthscenter.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടത്തേണ്ടത്.
17 ന് മുഖ്യമന്ത്രി പിണറായി വിജയന് ജടായു എർത്ത്സ് സെന്ററിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്പത് മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. 18 മുതൽ ഡിസംബർ വരെയുള്ള ടിക്കറ്റുകളാണ് ലൈനിൽ പണമടച്ച് ബുക്ക് ചെയ്യാനാകും. ഓൺ ലൈൻ വഴി ടിക്കറ്റ് എടുക്കാൻ സാധിക്കാത്തവർക്ക് ജടായു എർത്ത്സ് സെന്ററിന് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങളിലൂടെയും ടിക്കറ്റ് എടുക്കാനാകും.
ഓൺലൈനിലൂടെ ടിക്കറ്റ് എടുത്തവർക്ക് സന്ദർശന സമയമടക്കമുള്ള കാര്യങ്ങൾ കൃത്യമായി അറിയാനാകും. ബുക്ക് ചെയ്ത പ്രകാരമെത്തുന്നവർക്ക് ആർഎഫ്ഐഡി സംവിധാനമുള്ള വാച്ചുകൾ നൽകും. കവാടങ്ങൾ കടക്കുന്നതിനും കേബിൾ കാറിൽ യാത്ര ചെയ്യുന്നതിനും ഈ വാച്ചുകളിലെ ഡിജിറ്റൽ സംവിധാനത്തിലൂടെയാകും അനുമതി ലഭിക്കുക.
ശീതള പാനീയങ്ങളോ ലഘു ഭക്ഷണമോ അടക്കം കഫറ്റീരിയയിൽ ലഭ്യമായ ഭക്ഷണം വാങ്ങി കഴിക്കുന്നതിന് ടോപ് അപ് ചെയ്യാവുന്ന ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും.പൂർണമായും ഡിജിറ്റലൈസ് ചെയ്ത സേവനങ്ങളാണ് ജടായു എർത്ത്സ് സെന്ററിൽ ഒരുക്കിയിട്ടുളളത്.