വയനാട്: വൃഷ്ടി പ്രദേശങ്ങളിൽ മഴയുടെ അളവ് കുറയാത്തതിനാലും റിസർവോയറിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലും പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ തുറന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെ ഷട്ടറുകൾ 180 സെന്റിമീറ്റർ എന്ന നിലയിലേക്ക് ഉയർത്തി. ഇതോടെ ഒന്നര ലക്ഷത്തിലധികം ജലമാണ് ഒരു സെക്കൻഡിൽ പുറത്തേക്കൊഴുക്കുന്നത്.
ജില്ലയിലുണ്ടായ കാലവർഷക്കെടുതികൾക്ക് പ്രധാനകാരണം മുന്നറിയിപ്പും മുൻകരുതലുമില്ലാതെ ബാണാസുര ഡാം തുറന്നുവിട്ടതാണെന്ന പരാതികൾക്കിടെയാണ് ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. നേരത്തെ ഉയർത്തിയിരുന്ന 90 സെന്റീമീറ്ററിനൊപ്പം 90 സെന്റീമീറ്റർ കൂടിയാണ് ഷട്ടർ ഉയർത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്ഷേപങ്ങൾ കണക്കിലെടുത്ത് ഷട്ടറുകൾ ഉയർത്തുന്നത് സംബന്ധിച്ച് രാവിലെ മുതൽ പ്രദേശത്ത് ഉച്ചഭാഷണിയിലൂടെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിരുന്നു. റിസർവോയറിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളം കടന്നുപോവുന്ന നദികളിലെ ജലനിരപ്പ് താഴ്ന്നതിനാൽ വെള്ളം ഉയർന്നു വീണ്ടും ദുരിതങ്ങൾക്കിടയാക്കുമെന്ന ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ഡാംതുറന്നു വിടുന്നത് സംബന്ധിച്ച് വിവരങ്ങൾ അറിയാൻ അധികൃതർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോണ്: 04936274474, 9446011981. ഡാമിന്റെ വിഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ ഷട്ടറുകൾ ഉടനെ താഴ്ത്താൻ സാധ്യതയില്ലെന്നാണ് കെഎസ്ഇബി അധികൃതർ അറിയിക്കുന്നത്.