ആലപ്പുഴ: പന്പാനദിയിലെ ജലനിരപ്പുയർന്നതിനെത്തുടർന്ന് ചെങ്ങന്നൂരിൽ വീടുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ നടപടികളാരംഭിച്ചു. ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിലായി വീടുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ്, ഫയർഫോഴ്സ്, ഐടിബിപി തുടങ്ങിയവരാണ് രംഗത്തിറങ്ങിയത്.
ഇന്നലെ രാത്രിയോടെ ജലനിരപ്പ് കൂടുതലുയർന്നതോടെ വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ നിരവധിപ്പേർ സഹായ അഭ്യർഥനയുമായി ജില്ലാ ഭരണകൂടത്തെയും ഫയർഫോഴ്സ്, പോലീസ് സേനകളെയും സമീപിച്ചിരുന്നു. രാത്രിയായതിനാലും ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാലും രാത്രി രക്ഷാപ്രവർത്തനത്തിന് തടസം നേരിട്ടിരുന്നു.
ഇന്ന് പുലർച്ചെയോടെ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്. പാണ്ടനാട് വീടുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ എൻഡിആർഎഫ് സംഘത്തെ നിയോഗിച്ചു.
ഫയർഫോഴ്സിലും കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലും നിരവധി സഹായ അഭ്യർഥനകളാണ് രാവിലെ മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ സ്ഥിതി വിലയിരുത്താൻ രാവിലെ ജില്ലാതല ദുരന്തനിവാരണ സമിതി യോഗം ചേർന്നിരുന്നു.