ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിച്ചു, മണ്‍മറഞ്ഞത് ഇന്ത്യയിലെ ഏറ്റവും ജനകീയനായ പ്രധാനമന്ത്രി, ജനസംഘത്തിലൂടെ വളര്‍ന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായ അടല്‍ബിഹാരി വാജ്‌പേയ്ക്ക് അന്ത്യാഞ്ജലി

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് (93) അന്തരിച്ചു. ഡെല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. വിവിധ ഘട്ടങ്ങളിലായി മൂന്നു തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ജനസംഘത്തിലൂടെ പ്രവര്‍ത്തിച്ചാണ് അദേഹം രാഷ്ട്രീയത്തിലെത്തുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഏവരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു വാജ്‌പേയിയുടേത്. അവിവാഹിതനാണ്.

1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയപ്രവേശം നടത്തിയത്. രാഷ്ട്രമീമാംസയും നിയമവും പഠിക്കുന്ന വിദ്യാര്‍ഥിയെന്ന നിലയില്‍, കോളജ് വിദ്യാഭ്യാസത്തിനിടെ വിദേശകാര്യങ്ങളില്‍ താല്‍പര്യമെടുത്തു തുടങ്ങി. ഈ താല്‍പര്യം ജീവിതത്തിലിങ്ങോളം നിലനിര്‍ത്തുകയും ഇന്ത്യയെ വിവിധ ബഹുരാഷ്ട്രസഭകളിലും ഉഭയരാഷ്ട്ര ചര്‍ച്ചകളിലും പ്രതിനിധാനം ചെയ്യുമ്പോള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തു.

പത്രപ്രവര്‍ത്തകനായാണു ജീവിതം തുടങ്ങിയതെങ്കിലും ഭാരതീയ ജനസംഘത്തില്‍ ചേരാന്‍ തീരുമാനിച്ചതോടെ 1951ല്‍ തൊഴില്‍ ഉപേക്ഷിച്ചു. ഭാരതീയ ജനതാപാര്‍ട്ടിയുടെ ആദ്യകാല രൂപമാണ് ഭാരതീയ ജനസംഘം. ശ്രദ്ധേയനായ കവി കൂടിയായ അദ്ദേഹത്തിനു കമ്പമുള്ള മറ്റു കാര്യങ്ങള്‍ സംഗീതവും പാചകവുമാണ്.

മധ്യപ്രദേശിന്റെ ഭാഗമായ, രാജപ്രവിശ്യയായിരുന്ന ഗ്വാളിയോറിലെ ഒരു സാധാരണ സ്‌കൂള്‍ അധ്യാപക കുടുംബത്തില്‍ 1924 ഡിസംബര്‍ 25നു ജനിച്ച വാജ്പേയിയുടെ പൊതുജീവിതത്തിലെ വളര്‍ച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയകൗശലത്തോടും ഇന്ത്യന്‍ ജനാധിപത്യത്തോടും കടപ്പെട്ടിരിക്കുന്നു. ലോകത്തെക്കുറിച്ചുള്ള ഉദാരമായ കാഴ്ചപ്പാടുകള്‍കൊണ്ടും ജനാധിപത്യമൂല്യങ്ങളോടുള്ള അര്‍പ്പണ മനോഭാവംകൊണ്ടും സ്വീകാര്യനായ നേതാവായി അദ്ദേഹം വളര്‍ന്നു.

അര നൂറ്റാണ്ടിലേറെ കാലമായി രാജ്യത്തിനും സമൂഹത്തിനും നല്‍കുന്ന സേവനങ്ങള്‍ പരിഗണിച്ചും രാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1994ല്‍ അദ്ദേഹത്തെ രാജ്യത്തെ ഏറ്റവും നല്ല പാര്‍ലമെന്റേറിയനായി തെരഞ്ഞടുത്തു.

Related posts