കൊല്ലം: പ്രകൃതിക്ഷോഭത്തിന്റെ വെല്ലുവിളി മറികടക്കാൻ നാടൊന്നാകെ കൈകോർക്കുന്പോൾ അനുഭവപാഠത്തിന്റെ അവസരമായി കൂടി അതിനെ കാണാൻ കഴിയണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൽ സന്ദേശം നൽകുകയായിരുന്നു മന്ത്രി.
പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യമാണ് ഈ ഘട്ടത്തിൽ തിരിച്ചറിയേണ്ടത്. പ്രകൃതിയുടെ താളം തെറ്റിയാൽ എന്ത്് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല. അതു കൊണ്ട് പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിതരീതികളാണ് അനുയോജ്യം.
ലോകമാകെ ഒരു കുടുംബമായി കാണാൻ കഴിയുന്ന സംസ്കാരമാണ് നമുക്കുള്ളത്. ഒത്തൊരുമയുടെ കരുത്തിൽ തന്നെ മുന്നോട്ട് പോകുകയാണ് പ്രധാനം.
ജാതി, മത വ്യത്യാസങ്ങൾക്ക് അതീതമായി നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന ഇന്ത്യൻ പാരന്പര്യം നിലനിറുത്താൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇന്നലെ രാവിലെ 8.30ന് സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ മന്ത്രി സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പോലിസ് മെഡലുകൾ മന്ത്രി സമ്മാനിച്ചു.
സ്വാതന്ത്ര്യ സമര സേനാനികളെ മേയർ അഡ്വ. വി. രാജേന്ദ്രബാബു ആദരിച്ചു. സ്കൂൾ കുട്ടികൾ ദേശീയ ഗാനാലാപനം നടത്തി.എൻ. കെ. പ്രേമചന്ദ്രൻ എം.പി., എം. നൗഷാദ് എം. എൽ. എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സിറ്റി പൊലിസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ, സബ് കളക്ടർ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കളക്ടർ എസ്. ഇലക്കിയ, രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ, ഉദ്യോഗസഥർ, വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
കനത്ത മഴയിലും ആവേശം പകർന്നാണ് സ്വാതന്ത്ര്യ ദിന പരേഡ് നടന്നത്. പൊലിസിന്റെ എ. ആർ. ക്യാന്പ്, സിറ്റി, റൂറൽ, വനിത വിഭാഗങ്ങൾ, എക്സൈസ്, അഗ്നിശമനസേന, സ്റ്റുഡന്റ് പോലിസ് ബാന്റ് സംഘം എന്നിവയാണ് അണിനിരന്നത്.
ഭരണവിഭാഗം എ. സി. പി. എൻ. രാജൻ, റൂറൽ പോലിസ് ഇൻസ്പെക്ടർ ടി. ബിനുകുമാർ, സിറ്റി വനിതാ സെല്ലിലെ ഇൻസ്പെക്ടർ ജിജിമോൾ, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ ടി. എസ്. ശിവപ്രകാശ്, എ. എസ്. ഐ മാരായ അബ്ദുൽ സലാം, കെ. രഞ്ജിത്, സിവിൽ പൊലിസ് ഓഫീസർമാരായ സിന്ധുരാജ്, സി. എസ്. ബിനു, എം. കൃഷ്ണകുമാർ, ബൈജു പി. ജറോം, എം. ഹരിലാൽ, സുനിൽ കുമാർ, എസ്. സജു എന്നിവർക്കാണ് മുഖ്യമന്ത്രിയുടെ പോലിസ് മെഡലുകൾ ചടങ്ങിൽ സമ്മാനിച്ചത്.