പരിയാരം: റവന്യൂഭൂമിയില്‍ നിന്നും ചന്ദനം മോഷണവുമായി ബന്ധപ്പെട്ട് പരിയാരം പോലീസ് ഒരാളെ സാഹസികമായി പിടികൂടി. ഓടിരക്ഷപ്പെട്ട രണ്ടംഗസംഘത്തിനായി തെരച്ചില്‍ തുടരുന്നു. പൊതുമാര്‍ക്കറ്റില്‍ അരലക്ഷം രൂപ വിലവരുന്ന ചന്ദനമുട്ടികളാണ് പോലീസ് പിടിച്ചെടുത്തത്.
പരിയാരം കാരക്കുണ്ടില്‍ വെച്ച് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മൂന്നംഗസംഘം ചന്ദനം മുറിച്ചെടുക്കുന്നത് നാട്ടുകാര്‍ അറിയിച്ചത് പ്രകാരം അഡീഷണൽ എസ്ഐ സാംസണിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടയുടനെ രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു, ഒരാളെ പോലീസ് പിന്തുടര്ന്ന് പിടികൂടി.
കുണ്ടപ്പാറയിലെ കുഴിമാക്കന് ജോസിനെ(51)യാണ് പോലീസ് പിടികൂടിയത്. ഉപേക്ഷിച്ച നിലയിൽ ചന്ദനവും മഴുവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഓടിരക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
പിടിച്ചെടുത്ത ചന്ദനമുട്ടികളും പ്രതികളെ സംബന്ധിച്ച വിവരങ്ങളും തുടര്‍നടപടികള്‍ക്കായി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് കൈമാറും. സിപിഒ ബിജു, പോലീസ് ഡ്രൈവര്‍ ജോമി എന്നിവരും ചന്ദനം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.