പാലക്കാട്: നഗരസഭ ധനസഹായത്തോടെ നിർമിച്ച വീട്ടിൽ താമസിക്കുന്ന നിർധന കുടുംബത്തിന് സ്വന്തമായുള്ള സ്ഥലത്തിന്റെ വിസ്തീർണം സർക്കാർ കന്പ്യൂട്ടറിന് തെറ്റുപറ്റിയതു കാരണം എപിഎൽ കാർഡ് അനുവദിച്ച നടപടി ഒരുമാസത്തിനകം തിരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
പാലക്കാട് ജില്ലാ സപ്ലൈ ഓഫീസർക്കാണ് കമ്മീഷൻ അംഗം കെ.മോഹൻകുമാർ നിർദേശം നല്കിയത്. പാലക്കാട് പള്ളിപ്പുറം സ്വദേശിനി സി.ഉമൈവ നല്കിയ പരാതിയിലാണ് നടപടി. തന്റെ ഭർത്താവ് വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുകയാണെന്നും പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നല്കണമെന്ന് അപേക്ഷ നല്കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നുമാണ് പരാതി.
കമ്മീഷൻ പാലക്കാട് സപ്ലൈ ഓഫീസറിൽനിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതിക്കാരി മുൻഗണനാ കാർഡിന് അർഹയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി താമസിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം 1.8 സെന്റ് മാത്രമാണ്. എന്നാലിത് 1.8 ഏക്കറെന്ന് കന്പ്യൂട്ടറിൽ തെറ്റായി രേഖപ്പെടുത്തി. ഇക്കാരണത്താലാണ് കാർഡ് മുൻഗണനാ വിഭാഗത്തിൽനിന്നും മാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഒൗദ്യോഗിക അനാസ്ഥയാണ് പരാതിക്കിടയാക്കിയതെന്ന് കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. അർഹമായ ആനുകൂല്യം സാങ്കേതിക കാരണം പറഞ്ഞ് ഇതിലും വൈകിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന് ഉത്തരവിൽ പറയുന്നു. തെറ്റിന്റെ ഉത്തരവാദിത്വം പരാതിക്കാരിക്കില്ലെന്നും ഉത്തരവിലുണ്ട്.