ആലപ്പുഴ: ജില്ലയിൽ മഴ കനത്തതോടെ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നാടും നഗരവും. കനത്തമഴയ്ക്കൊപ്പം വിവിധ ഡാമുകളുടെ ഷട്ടറുകൾ കൂടി തുറന്നതോടെ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും മിക്കപ്രദേശങ്ങളും വെള്ളത്തിലായി.
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നേവിയുടെ സഹായത്തോടെ ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ദേശീയ ദുരന്ത നിവാരണസേനയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസും മറ്റു സന്നദ്ധപ്രവർത്തകരും സംഘടനകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
സോഷ്യൽമീഡിയകളിലും പത്രമോഫീസുകളിലും മറ്റും വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർ രക്ഷക്കായി ശബ്ദസന്ദേശങ്ങളും മറ്റും അയക്കുകയും അതിന്റെ അടിസ്ഥാനത്തിലും രക്ഷാപ്രവർത്തകർ ഉൗർജിതപ്രവർത്തനം നടത്തിയതിന്റെ ഫലമായി പലരേയും വീടുകളിൽനിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.
ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള ഡാമുകൾ തുറന്നതോടെ പന്പാനദിയിലെ ജലനിരപ്പുയർന്നതു മൂലം ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. ചെങ്ങന്നൂരിൽ മാത്രം 500 ഓളം കുടുംബങ്ങളെയാണ് ഒഴിപ്പിക്കേണ്ടത്.
നദീതീരങ്ങളിലെ ആയിരക്കണക്കിന് വീടുകളിലാണ് വെള്ളം കയറിയത്. സാധാരണയിൽനിന്ന് വ്യത്യസ്തമായി അതിവേഗം ജലനിരപ്പുയർന്നതു ജനത്തെ പരിഭ്രാന്തിയിലാഴ്ത്തി. ചെങ്ങന്നൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വീടുകൾക്ക് മുകളിലും മറ്റും അകപ്പെട്ടവരെ കോസ്റ്റുഗാർഡും എൻഡിആർഎഫും ഐടിബിപിയും ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷപ്പെടുത്തുകയാണ്. ജില്ലയിലെ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ മുൻ ജില്ല കളക്ടർ കൂടിയായ എൻ. പത്മകുമാറിനെ നിയോഗിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്നലെ ഏകദേശം 30000ത്തോളം ആളുകളെ പ്രളയബാധിത മേഖലയിൽനിന്നും ഒഴിപ്പിച്ചു. ചെങ്ങന്നൂരിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കുന്നതിന് ഹെലികോപ്റ്ററും എത്തിയിരുന്നു. ചെങ്ങന്നൂരിൽ പാണ്ടനാട് പ്രദേശം ശരിക്കും ഒറ്റപ്പെട്ടു. എടത്വ തലവടി പഞ്ചായത്ത് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയാണ്. എടത്വ-തിരുവല്ല ഗതാഗതം പൂർണമായും നിലച്ചു.
എടത്വ-വീയപുരം റോഡ് പൂർണമായും മുങ്ങി. എടത്വ സെന്റ് അലോഷ്യസ് കോളജും വെള്ളത്തിലായി. രാമങ്കരിയിൽനിന്നു ജനത്തെ മാന്പുഴക്കരിയിൽ എത്തിച്ചു റോഡ് മാർഗം ക്യാന്പിലേക്കു മാറ്റി തുടങ്ങി. ബോട്ട് എത്തപ്പെടാത്ത മേഖലയിലാണ് ജനം ഉള്ളത്. സ്പീഡ് ബോട്ടിൽ ആളുകളെ കയറ്റി പിന്നീട് ഹൗസ്ബോട്ടിൽ എത്തിച്ച് അവിടെനിന്നും കരയിൽ എത്തിക്കുകയാണ്.
ആലപ്പുഴ ചുങ്കം, നെഹ്റുട്രോഫി വാർഡുകളിൽ നിന്നും ജനത്തെ ഒഴിപ്പിച്ചു തുടങ്ങി. മുട്ടാറിലും ജനത്തെ ഒഴിപ്പിച്ചു തുടങ്ങി. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ഒഴിപ്പിച്ചവരെ ആലപ്പുഴയിലെ വിവിധ സ്കൂളുകളിലേക്ക് എത്തിച്ചു തുടങ്ങി.
ദുരിതാശ്വാസക്യാന്പുകളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലും വെള്ളം കയറി തുടങ്ങിയത് ഭക്ഷണമുണ്ടാക്കുന്നതിനടക്കം തടസമായിട്ടുണ്ട്. ജില്ലയിൽ ഇന്നലെ മൂന്നു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എടത്വയിൽ വീട്ടിൽനിന്നും പുറത്തേക്കിറങ്ങിയ ഗൃഹനാഥൻ കാലുതെന്നി വീട്ടുമുറ്റത്തെ കല്ലിൽ തലയിടിച്ച് വീണ് മരിച്ചിരുന്നു.
എടത്വ നാലാംവാർഡ് പള്ളിച്ചിറയിൽ ലാലു കുര്യാക്കോസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. തുന്പോളിയിൽ ദേശീയപാതയോരത്തെ മരം ശക്തമായ കാറ്റിൽ മറിഞ്ഞുവീണ് ഒരാൾ മരിച്ചു.
ആര്യാട് പഞ്ചായത്ത് 15-ാം വാർഡ് നിലംനികർത്തിൽ പീതാംബരനാണ് മരിച്ചത്. തകരാറിലായ സൈക്കിൾ നന്നാക്കാൻ കടയിൽ കൊടുത്തശേഷം മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ചെങ്ങന്നൂരിൽ വെള്ളക്കെട്ടിലകപ്പെട്ട കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു.