കൊച്ചി: കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും വിറങ്ങലിച്ച് ജില്ല. പെരിയാർ രൗദ്ര ഭാവത്തിൽ കരകവിഞ്ഞ് ഒഴുകുകയാണ്. മുല്ലപ്പെരിയാർ, ഇടമലയാർ, ചെറുതോണി അണക്കെട്ടുകളിലെ വെള്ളം പെരിയാറിലേക്ക് എത്തിയതോടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിൽ ഉയർന്നു. ആലുവ മാർത്താണ്ഡവർമ പാലത്തിന്റെ അടിത്തട്ടിനോടടുക്കുകയാണ് പെരിയാറിലെ ജലനിരപ്പ്.
ബുധനാഴ്ചയും ഇന്നലെയുമായി മൂന്നരയടി വെള്ളമാണ് ഉയർന്നത്. ഇതോടെ തീരത്ത് പ്രളയമായി. പതിനായിരത്തിലധികം വീടുകൾ വെള്ളത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രികളിലും വെള്ളം കയറി. ഇന്നലെ മാത്രം തുറന്നത് അൻപതോളം ദുരിതാശ്വാസ ക്യാന്പുകളാണ്. പല ദുരിതാശ്വാസ ക്യാന്പുകളിൽ പോലും വെള്ളം കയറി.
ആലുവ മേഖലയിലാണു പ്രളയ ദുരിതം ഏറെ ബാധിച്ചത്. സമീപപ്രദേശങ്ങളെല്ലാം ഒറ്റപ്പെട്ടു. ക്യാന്പുകളിലേക്കു മാറാൻ മടിച്ചവർ വെള്ളം ഉയർന്നതോടെ വീടുകളിലും ഫ്ളാറ്റുകളിലും ഒറ്റപ്പെട്ടു. വിവിധ ഇടങ്ങളിൽ ആരാധാനാലയങ്ങളിലും ഹോസ്റ്റലുകളിലുമൊക്കെ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ട്. ഫ്ളാറ്റുകളുടെ ഒന്നും രണ്ടും നിലകളിൽ വരെ വെള്ളം കയറിയ അവസ്ഥയിലാണ്. ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാർഡും നേവിയും പ്രദേശവാസികളുമൊക്കെ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
ആലുവ നഗരം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണിപ്പോൾ. ബൈപ്പാസ് മുതൽ അദ്വൈതാശ്രമം വരെയുള്ള പ്രദേശത്ത് ഒരാൾ പൊക്കത്തിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. മെട്രോ സ്റ്റേഷന്റെ വടക്കു ഭാഗവും പാർക്കിംഗ് ഏരിയയും വെള്ളത്തിലാണ്. ആലുവ ശിവക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി. ആരോഗ്യാലയം ആശുപത്രി, നജാദ് ആശുപത്രി, മഴുവഞ്ചേരി ക്ലിനിക്, ബാങ്ക് ജംഗ്ഷൻ, മുനിസിപ്പൽ പാർക്ക്, ആലുവ പാലസ്, ലക്ഷ്മി നഴ്സിംഗ് ഹോം, അൻവർ ആശുപത്രി എന്നിവിടങ്ങളിലും വെള്ളം കയറി.
കീഴ്മാട്, ചൂർണിക്കര, കടുങ്ങല്ലൂർ പഞ്ചായത്തുകൾ ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നഗരത്തിലൂടെയുള്ള ഗതാഗതവും നിലച്ചു. വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. പെരിയാറിന്റെ ഇരുകരയിൽനിന്നു മാത്രമായി 30,000 ത്തിലധികം പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. ആലുവ പാലസിൽ വെള്ളം കയറിയതിനാൽ ജില്ലാ കണ്ട്രോൾ റൂം പത്തടിപ്പാലത്തെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. പെരിയാറിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന മുട്ടാർ പുഴയുടെ തീരത്തുള്ള ഏലൂർ, പാതാളം, ചേരാനെല്ലൂർ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.
പെരുന്പാവൂർ മേഖലയും ഒറ്റപ്പെട്ട അവസ്ഥയിലാണ്. നഗരസഭയും വെങ്ങോല പഞ്ചായത്തിലെ കുറച്ച് ഭാഗങ്ങളും കൂവപ്പടി, ഒക്കൽ, മുടക്കുഴ, വേങ്ങൂർ പഞ്ചായത്ത് മുഴുവനായും വെള്ളത്തിൽ മുങ്ങി. ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ബുധനാഴ്ച 20 ക്യാന്പുകൾ തുറന്നെങ്കിലും ദുരിതബാധിതരുടെ എണ്ണം കൂടിയതോടെ ഇന്നലെ അഞ്ചു ക്യാന്പുകൾ കൂടി തുറന്നു.
പ്രദേശത്ത് വൈദ്യുതി ബന്ധവും ഫോണ് ബന്ധവും നിലച്ചിരിക്കുകയാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയവ വെള്ളത്തിലാണ്. നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയുടെ താഴ്ഭാഗത്തെ നിലയിലും വെള്ളം കയറി. ഗതാഗതം പൂർണമായും സ്തംഭിച്ചു.
പെരുന്പാവൂർ നഗരത്തിലേക്കുള്ള ഇടറോഡുകളിലൊക്കെ വെള്ളം കയറിയതിനാൽ നഗരത്തിലേക്ക് എത്തുന്നതും ക്യാന്പുകളിലേക്ക് ദുരിതബാധിതരെ എത്തിക്കുന്നതിനുമൊക്കെ തടസം നേരിടുന്നുണ്ട്. ക്യാന്പുകളിൽ ഭക്ഷണവും വെള്ളവും എത്തിക്കുന്നതും തടസം നേരിട്ടിരിക്കുന്നു.
കോതമംഗലം ടൗണ് പൂർണമായും വെള്ളത്തിൽ മുങ്ങി. വെള്ളം അപകടകരമായി ഉയർന്നതോടെ ജില്ലയിലെ കുടിവെള്ള വിതരണം പൂർണമായും നിലച്ചു. ഇന്നലെ ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും വൈദ്യുതി ബന്ധം നിലച്ചു. വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. രക്ഷാപ്രവർത്തനം പോലും അസാധ്യമാകുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ് ജില്ല.
രക്ഷാപ്രവർത്തനത്തിനു വിളിക്കാം
കൊച്ചി: ജില്ലയിൽ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്നവർക്കു രക്ഷാപ്രവർത്തനത്തിനായി വിളിക്കാൻ അധികൃതർ ഹെൽപ്പ്ലൈൻ നന്പറുകൾ ഒരുക്കി. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർ തങ്ങളുടെ മൊബൈൽ ഫോണിൽ നിന്ന് 1077 എന്ന നന്പറിലേക്ക് വിളിച്ചാൽ സ്ഥലം ട്രാക്ക് ചെയ്യാനും രക്ഷാപ്രവർത്തകരെത്തി ഇവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും സാധിക്കും.
അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനുള്ള എമർജൻസി നന്പർ ഫോണ്: 0484 2423513, 7902200300, 7902200400. സ്ഥിതിഗതികൾ അറിയുന്നതിനോ സഹായത്തിനോ അല്ലാതെ എമർജൻസി നന്പറുകളിൽ ആരും ബന്ധപ്പെടരുതെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തകരെ വിളിക്കാനുള്ള നന്പറിൽ ബന്ധപ്പെടാനായില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു സഹായം തേടാവുന്നതാണ്. ഫോണ്: 0471 2333812. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഒരു ഹെൽപ്പ് ലൈൻ നന്പർ ആകാശവാണി കൊച്ചി എഫ്എമ്മിൽ പ്രവർത്തിക്കുന്നുണ്ട്. അടിയന്തര സഹായം ആവശ്യമുള്ളവർക്ക് ഈ നന്പറിലും ബന്ധപ്പെടാം. ഫോൺ: 9446411888
കൊച്ചി സിറ്റി പോലീസിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ കണ്ട്രോൾ റൂം ജില്ലാ പോലീസ് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർ താഴെപ്പറയുന്ന നന്പറുകളിൽ ബന്ധപ്പെടണം.
സ്പെഷ്യൽ കണ്ട്രോൾ റൂം: 0484 2385006, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്: 0484 2385002, വാട്സ് ആപ്പ് നന്പർ: 7559899100, ഓഫീസർമാരുടെ നന്പറുകൾ 9497990065, 9497990063, 9497990064