ആലക്കോട്: കനത്ത മഴയെ തുടർന്ന് മലയോരത്ത് പാലങ്ങളും റോഡുകളും തകരുന്നു. ശക്തമായി മഴവെള്ളം കുത്തിയൊലിച്ച് ഉദയഗിരി-താബോർ റോഡിൽ 100 മീറ്ററോളം റോഡ് മണ്ണിടിഞ്ഞു. റോഡിന്റെ ടാറിംഗ് ഉൾപ്പെടെ 30 അടിയോളം താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞത്.
വാഹനങ്ങൾ കടന്നുപോകുന്പോൾ മണ്ണ് ഇടിയാനുള്ള സാധ്യത ഇനിയും നിലനിൽക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത് ഏറെ ഭീതിയോടെയാണ്. കോടികൾ മുടക്കി മെക്കാഡം ടാറിംഗ് പ്രവൃത്തി നടന്നുവരുന്ന റോഡിനാണ് ഈ ദുർഗതി.
നിർമാണം ആരംഭിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുന്നത്. റോഡിന്റെ വീതി കൂട്ടാനായി ഉദയഗിരി മുതൽ താബോർ വരെ വലതുഭാഗത്ത് വൻതോതിൽ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്.
ഈ ഭാഗങ്ങളിൽ പലയിടത്തും വൻ മൺതിട്ടകളാണുള്ളത്. ഇതിൽ പലതും റോഡിലേക്ക് പതിച്ചിട്ടണ്ട്. വലിയ കല്ല് ഉൾപ്പെടെ മൺതിട്ടകൾ റോഡിലേക്ക് ഇനിയും പതിക്കാനുള്ള സാധ്യതയുമുണ്ട്. യാത്രക്കാർ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വൻ അപകടത്തിന് തന്നെ കാരണമായേക്കാവുന്ന വിധത്തിലാണ് ഉദയഗിരി-താബോർ റോഡുള്ളത്.
ഉദയഗിരിക്ക് സമീപം ശാന്തിപുരത്തും പാലം തകർന്നു. വെള്ളം കുത്തിയൊലിച്ച് പാലത്തിന്റെ ഇരുവശത്തെയും പാർശ്വഭിത്തികൾ തകരുകയായിരുന്നു. പാലത്തിന്റെ ഇരുവശത്തെയും പാർശ്വഭിത്തികൾ തകരുകയായിരുന്നു. പാലത്തിന്റെ ബലക്ഷയം കണക്കിലെടുത്ത് ശാന്തിപുരം-അരവിളഞ്ഞപൊയിൽ റൂട്ടിൽ ഗതാഗതം നിരോധിച്ചു.
പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് തകർന്ന നിലയിലുമാണ്. ഈ ഭാഗത്ത് പുതിയ പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ടും വർഷങ്ങളായി.