നോട്ടിങാം: ഇരുണ്ട മേഘങ്ങളും ഇടയ്ക്കു പെയ്യുന്ന മഴയും അതോടൊപ്പമുള്ള തണുപ്പുമാണ് ട്രെന്റ് ബ്രിഡ്ജില്‍ പരിശീനത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിനെ സ്വീകരിച്ചത്. വെറും രണ്ടര ദിവസം കൊണ്ടു ലോഡ്സില്‍ നാണംകെട്ടു തോറ്റ ഇന്ത്യ പുതിയ നല്ല ഓര്‍മകള്‍ക്കായി ഇന്നാരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുകയാണ്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്.
പല കാര്യങ്ങളാകും ഇന്ത്യയെ കാത്ത് ട്രെന്‍ഡ് ബ്രിഡ്ജിലുണ്ടാവുക. ഒന്നാമതായി ഡല്‍ഹിയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് ഇന്ന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കും. പിന്നെ നായകന് വിരാട് കോഹ് ലി ഇന്ന് ഇറങ്ങുമോയെന്ന കാര്യം സംശയത്തിലാണ്.
ഏതായാലും ഇന്ത്യന്‍ നായകന് നൂറുശതമാനം ആരോഗ്യവാനല്ല. ശിഖര്‍ ധവാന് ഓപ്പണറുടെ സ്ഥാനത്തേക്കു തിരിച്ചുവരും. പിന്നെയുള്ളത് ജസ്പ്രീത് ബുംറ. ബുംറ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലുമില്ലായിരുന്നു.
കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ബാറ്റിംഗില്‍ തിളങ്ങാതെ പോയ വിക്കറ്റ്കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെ പുറത്തിരുത്തിയാകും പന്തിന് അരങ്ങേറ്റത്തിനു വഴിയൊരുക്കുക. ടീമിന്റെ ആദ്യ പരിശീലന സെഷനില്‍ പന്ത് പരിശീലനത്തിന് ഇറങ്ങിയിരുന്നു. വേദനസംഹാരികള്‍ കഴിച്ച നായകന് ടീമിനൊപ്പം വാം അപ്പ് നടത്തിയില്ല.
ബൗളര്‍മാരുമായി ദീര്‍ഘനേരം സംസാരിച്ച താരം നെറ്റ്സില്‍ ബാറ്റിംഗ്് പരിശീലനം നടത്തിയിരുന്നു. ലോഡ്സില്‍ ഇറങ്ങിയിട്ട് ഒന്നും ചെയ്യാനാവാതെ പോയ സ്പിന്നര്‍ കുല്‍ദീപ് യാദവിനു പകരമാകും ബുംറ ഇറങ്ങുക. നാലാം പേസറായി ഹാര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തിയേക്കും.