കുറവിലങ്ങാട്: നാട്ടിലെ പ്രളയദുരിതമറിഞ്ഞ് ഖത്തറിൽ നിന്ന് സജി നാട്ടിലെ രാമുപുരം മരങ്ങാട്ടിലെ നിരപ്പിൽ വീട്ടിലേക്ക് വിളിക്കുന്പോൾ മനസിലുള്ള ലക്ഷ്യം ഏതുവിധത്തിലും ദുരിതമേഖലയിൽ സഹായമാകുക എന്നതായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ കൃഷിയിൽ നിന്ന് സമാഹരിച്ച് വീട്ടിൽ സൂക്ഷിച്ചിരുന്ന ഉണക്കകപ്പ നൽകാമെന്ന് ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു.
നാട്ടിൽ വിളിച്ച് പിതാവ് വർക്കിയോടും ഭാര്യ നിവ്യയോടും ഇതിനായി നിർദേശവും നൽകി. കോട്ടയത്ത് ഡ്രൈവർമാരുടെ നേതൃത്വത്തിലുള്ള സഹായസംഘമെത്തി അഞ്ഞൂറ് കിലോയോളം കപ്പ വാങ്ങി ക്യാന്പിലെത്തിച്ചു. കല്ലറ പഞ്ചായത്തിലേക്കും ഈ സഹായഹസ്തം നീണ്ടു. തൊടുപുഴയിലും സമീപസ്ഥലങ്ങളിലുമായി ആയിരം കിലോയോളം ഉണക്കക്കപ്പ നൽകിയതായി നിവ്യ സജി പറഞ്ഞു.
രാമപുരം വെള്ളിലാപ്പിള്ളി പാറോട്ടിയിൽ ബിജു നൽകിയ സേവനം പ്രശംസനീയം. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽപ്പെട്ട ആർക്കും ഫോണ് ചാർജ് ചെയ്തു നൽകുമെന്നായിരുന്നു ബിജുവിന്റെ വാഗ്ദാനം. വിളിച്ചവർക്കെല്ലാം 30 രൂപയ്ക്ക് ചാർജ് ചെയ്ത് നൽകുകയും ചെയ്തു.
അത്യാവശ്യസന്ദർഭങ്ങളിൽ മണ്ണുമാന്തിയടക്കമുള്ള വാഹനങ്ങൾ എംസി റോഡിലടക്കം കാത്തുകിടന്നു. മീനച്ചിൽ താലൂക്കിൽ ഏത് അത്യാവശ്യസാഹചര്യങ്ങളിലും സേവനം ഉറപ്പാക്കിയാണ് മണ്ണ് മാന്തികൾ കാത്തുകിടന്നത്. കുറവിലങ്ങാട്ട് മാത്രം കോഴായിലും പള്ളിക്കവലയിലുമായി രണ്ടു മണ്ണ് മാന്തികളാണ് സേവനത്തിന് തയാറായി നിന്നത്.
വ്യാപാരസ്ഥാപനങ്ങളെയും വ്യക്തികളെയും സന്ദർശിച്ച് സഹായം അഭ്യർഥിച്ച് യൂത്ത് കോണ്ഗ്രസ് രംഗത്തിറങ്ങി. കുറവിലങ്ങാട് ടൗണിൽ നിന്നാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സഹായം സമാഹരിച്ച് ദുരിതാശ്വാസ ക്യാന്പുകളിലേക്ക് എത്തിച്ചത്.