ഇരിട്ടി: കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളിലെ അധ്യാപിക എം.പി. മേരി (ലാലി) കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതികളെ ചരളിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മേരിയുടെ ഭര്‍ത്താവ് ചരളിലെ പാംപ്ലാനി സാബു (48), കൂട്ടുപ്രതികളായ തമിഴ്നാട് ധര്‍മപുരി സ്വദേശികളായ രവികുമാര്‍ (31), എന്‍. ഗണേശന് (27) എന്നിവരെയാണ് ഇന്നലെ രാവിലെ പത്തരയോടെ ചരളിലെത്തിച്ചത്.
പ്രതികള്‍ കൃത്യം നടത്തിയ രീതി പോലീസിന് കാണിച്ചുകൊടുത്തു. നാട്ടുകാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് തെളിവെടുപ്പുസമയത്ത് തടിച്ചുകൂടിയത്. ഇരിട്ടി സിഐ രാജീവന് വലിയവളപ്പിലിന്റെ നേതൃത്വത്തിലാണ് പോലീസ് പ്രതികളെ സ്ഥലത്തെത്തിച്ചത്.
ചരളിലെ വീട്ടുകിണറ്റില്‍ കഴിഞ്ഞ മാസം 28ന് അര്‍ധരാത്രിയാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സാബു തനിക്കൊപ്പം ചെങ്കല്‍പ്പണയില്‍ ജോലിചെയ്തിട്ടുള്ള തമിഴ്നാട്ടുകാരായ രവികുമാറിന്റെയും ഗണേശന്റെയും സഹായത്തോടെ കിണറ്റില്‍ എടുത്തിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
കിണറ്റില്‍ എടുത്തിട്ടയുടൻ മോട്ടോറിന്റെ പൈപ്പിലൂടെ മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ അലറിവിളിച്ച മേരിയെ സാബു കത്തികൊണ്ട് പൈപ്പു മുറിച്ച് ഗോവണി ഉപയോഗിച്ച് ശരീരത്തില്‍ കുത്തി കിണറിന്റെ ആഴത്തിലേക്ക് തള്ളി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. സാബുവിന്റെ വഴിവിട്ട ജീവിതത്തെ ഭാര്യ ചോദ്യംചെയ്തതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.