കണ്ണൂർ: ജൂൺ 30 മുതൽ ഇന്നലെ വരെ കണ്ണൂർ ജില്ലയിലുണ്ടായ ആകെ നഷ്ടം 213,17,66,000 രൂപയാണ്. ജില്ലയിൽ ഇതുവരെ 62 വീടുകൾ പൂർണമായും 1138 വീടുകൾ ഭാഗികമായും തകർന്നു. ഇന്നലെ മാത്രം മൂന്നു വീടുകൾ പൂർണമായും ഏഴുവീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
ഇതുവരെ പൂർണമായും തകർന്ന വീടുകൾക്ക് 2.48 കോടി രൂപയുടെയും ഭാഗികമായി തകർന്ന വീടുകൾക്ക് 5.69 കോടി രൂപയുടെയും നഷ്ടം കണക്കാക്കുന്നു. 926 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. തെങ്ങ്, കമുക്, റബർ, കശുവണ്ടി, നെല്ല്, കുരുമുളക്, വാഴ തുടങ്ങിയ വിളകൾക്കാണ് നാശനഷ്ടമുണ്ടായത്.
ഇതിന്റെ നഷ്ടം 24,53,66,000 രൂപയാണ്. ഇന്നലെ മാത്രം 196 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകൾ നശിച്ചു. ഇതിന്റെ നഷ്ടം മാത്രം 1.47 കോടിയാണ്. ജില്ലയിൽ ഇതുവരെ 180, 47,00,000 രൂപയുടെ റോഡുകൾ തകർന്നു. 26 ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. 23 പേർക്ക് വീടു തകർന്നും മറ്റും പരിക്കേറ്റു.