തിരുവന്പാടി: കൂടരഞ്ഞി പഞ്ചായത്തിലെ കൂരിയോട് മലയിൽ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചത് ഉറങ്ങാൻകിടന്ന് നിമിഷങ്ങൽക്കുശേഷം. കഴിഞ്ഞദിവസം രാത്രി രണ്ടരയോടെ ഉണ്ടായ ഉരുൾപ്പൊട്ടലിൽ തയ്യിൽ തൊടിക പ്രകാശൻ (45), മകൻ പ്രവീൺ പ്രകാശ് (11) എന്നിവരാണ് മരിച്ചത്. കുടുംബത്തിന്റെ കരച്ചിലും വീട് ഒലിച്ചു പോകുന്ന ശബ്ദവും കേട്ട് ഉണർന്ന അയൽവാസികളാണ് രക്ഷപ്രവർത്തനം നടത്തിയത്.
പ്രകാശൻ , ഭാര്യ ബിന്ദു, മക്കളായ പ്രവീൺ, പ്രബിത, പ്രിയ, പിതാവ് ഗോപാലൻ എന്നിവരാണ് ഒഴു ക്കിൽ പെട്ടത്. രക്ഷപെടുത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും പ്രവീൺ മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ മാമ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗോപാലൻ, ബിന്ദു, പ്രബിത, പ്രിയ എന്നിവർ ചികിത്സയിലാണ്. പ്രകാശന്റെയും, പ്രവീണിന്റെയും മൃതദേഹം പ്രവീണിന്റെ വിദ്യാലയമായ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ പൊതുദർശനത്തന് വച്ചശേഷം പുന്നക്കൽ ഓളിക്കലുള്ള ബിന്ദുവിന്റെ സഹോദരന്റെ വീട്ടുവള പ്പിൽ സംസ്കരിച്ചു. കൂടരഞ്ഞി സെന്റ് സബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച പ്രവീൺ.