പത്തനംതിട്ട: പന്പാതീരത്തെ പ്രളയത്തിന്റെ മൂന്നാംദിനത്തിൽ റാന്നിക്കു മോചനമായി തുടങ്ങി. ആറന്മുള ഇപ്പോഴും വെള്ളത്തിൽ. അച്ചൻകോവിലാർ കരകവിഞ്ഞെത്തി പന്തളത്തെ മുക്കി. പന്പ, അച്ചൻകോവിൽ, മണിമല നദികളിലെ പ്രളയജലം തിരുവല്ലയുടെ പടിഞ്ഞാറൻ മേഖലയെയും വെള്ളത്തിലാഴ്ത്തി. റാന്നിയിലെ വലിയ കെട്ടിടങ്ങളിൽ നിന്നു വെള്ളം ഇറങ്ങിയെങ്കിലും റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
ആറന്മുള, കോഴഞ്ചേരി പ്രദേശങ്ങളിൽ നേരിയ തോതിൽ വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ മൂന്നുദിവസമായി ആളുകൾ വീടുകളിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഇന്നലെയും പൂർണമായിട്ടില്ല. പന്പയിലൂടെ നിറഞ്ഞൊഴുകിയ വെള്ളം തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലേക്കു വ്യാഴാഴ്ച രാത്രി മുതൽ കയറിത്തുടങ്ങി. ഇതോടെ ഈ പ്രദേശങ്ങളിലും നിരവധി ആളുകൾ ഒറ്റപ്പെട്ടു.
റാന്നി, കോഴഞ്ചേരി, ആറന്മുള ഭാഗങ്ങളിലേതിനു സമാനമായ അന്തരീക്ഷമാണ് നിലവിൽ തിരുവല്ല താലൂക്കിലുള്ളത്. വീടുകൾക്കുള്ളിൽ കുടങ്ങിയവർ സഹായമഭ്യർഥനകളിലാണ്. പന്തളത്ത് അച്ചൻകോവിലാർ കരകവിഞ്ഞെത്തിയ വെള്ളമാണ് പ്രളയത്തിനു കാരണമായത്.
പന്തളം ടൗണ്‍ അടക്കമുള്ള പ്രദേശങ്ങൾ മുങ്ങി. പൊടുന്നനെയുള്ള വെള്ളപ്പൊക്കമാണ് പന്തളത്തുണ്ടായത്. ടൗണിൽ എംസി റോഡിലടക്കം വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി. വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി വൻനഷ്ടമാണുണ്ടായത്. അച്ചൻകോവിലാറ്റിൽനിന്നുള്ള വെള്ളം പത്തനംതിട്ട ടൗൺ പ്രദേശത്തെയും സ്തംഭനത്തിലാക്കിയിരിക്കുകയാണ്.